കശുവണ്ടി സംഭരണം കാര്യക്ഷമമാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കാസര്‍കോട്: ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ രാജപുരം എസ്റ്റേറ്റിലെ കശുവണ്ടി ശേഖരിക്കാനുള്ള ടെണ്ടര്‍ മന്ത്രി റദ്ദ് ചെയ്തു. ടെണ്ടര്‍ എടുത്ത ആള്‍ കരാര്‍ പാലിച്ചില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണു നടപടി. കൂടാതെ കോണ്‍ട്രാക്ടറുടെ നടപടിയില്‍ നിയമനടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ രാജപുരം എസ്റ്റേറ്റില്‍ പാണത്തൂര്‍, കമ്മാടി, പയനിക്കര എന്നീ എസ്റ്റേറ്റുകളിലെ കശുവണ്ടി ശേഖരണത്തിനുള്ള ടെണ്ടറാണ് റദ്ദു ചെയ്തത്. മറ്റു തോട്ടങ്ങളിലും വേണ്ട മാറ്റങ്ങള്‍ ആലോചിക്കും.
ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടങ്ങളില്‍ നിന്നു കശുവണ്ടി ശേഖരിക്കുന്നതു സംബന്ധിച്ച് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ നിന്നു കശുവണ്ടി ശേഖരിക്കുന്നതില്‍ ആക്ഷേപമുണ്ടെന്നു യോഗത്തില്‍ പങ്കെടുത്ത ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ജില്ലയിലെ കശുവണ്ടി സംഭരണം കാര്യക്ഷമമാക്കാനും കശുമാവ് കൃഷിയുടെ വ്യാപനത്തിനും കശുവണ്ടി തൊഴിലാളികളുടെ സംരക്ഷണത്തിനും നടപടിയെടുക്കുമെന്നും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് കൃഷിയില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കശുമാവ് തൈകള്‍ പരിപാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ്റ്റേറ്റുകളില്‍ അനധികൃതമായി വാഹനങ്ങള്‍ പോകുന്നതും കശുവണ്ടി മോഷ്ടിച്ചു കടത്തുന്നതും തടയാന്‍ പൊലിസ് പരിശോധന നടത്തും. തോട്ടങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ പൊലിസ് മേധാവി കണ്‍വീനറുമായിരിക്കും. കെ.എസ്.സി.ഡി.സി, കാപെക്‌സ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, കൃഷി വകുപ്പ്, ട്രേഡ് യൂനിയന്‍ തുടങ്ങിയവയുടെ പ്രതിനിധികളെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ക്കു കശുമാവിന്‍ തോട്ടങ്ങളില്‍ മേല്‍നോട്ട ചുമതല നല്‍കും. 40 ദിവസം കൊണ്ട് 776 ക്വിന്റല്‍ കശുവണ്ടിയാണു കോര്‍പറേഷന്‍ തോട്ടങ്ങളില്‍ നിന്നു സംഭരിച്ചത്. ഇതു നഷ്ടങ്ങളുടെ കണക്കാണെന്നും ആയിരക്കണക്കിനു തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്ന കോര്‍പറേഷന്റെ ഈ നിലയിലുളള പ്രവര്‍ത്തനം മാറണമെന്നും മന്ത്രി പറഞ്ഞു.
കശുമാവുകര്‍ഷകരില്‍ നിന്നു നേരിട്ടു കശുവണ്ടി ശേഖരിച്ചു ന്യായമായ വില കര്‍ഷകര്‍ക്കു ലഭ്യമാക്കണം. ഇതിനായി എല്ലാവരും യോജിച്ചു മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.
130 ടണ്‍ കശുവണ്ടി ഒരു ദിവസം ശേഖരിച്ചാല്‍ മാത്രമെ വലിയ വിജയത്തോടെ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുളളൂ എന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."