പൊതുമാപ്പ്; 800 പേര്‍ക്ക് ഔട്ട് പാസ് വിതരണം ചെയ്തു
ജിദ്ദ: പൊതുമാപ്പിനായി ആദ്യദിവസം അപേക്ഷ സമര്‍പ്പിച്ച എണ്ണൂറോളം പേര്‍ക്ക് ഔട്ട് പാസ് വിതരണം ചെയ്തു. ടോക്കണ്‍ പ്രകാരം അപേക്ഷിച്ച കേന്ദ്രങ്ങളില്‍ വച്ചായിരുന്നു വിതരണം. ഔട്ട് പാസ് ലഭിച്ചവര്‍ ഇന്നുമുതല്‍ ഇന്ത്യയിലേക്ക് മടങ്ങും.
ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലുമായി അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 5,394 ആയി. ജിദ്ദയിലെയും റിയാദിലെയും എംബസിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എംബസിയിലും ദമ്മാമുള്‍പ്പെടെയുള്ള 11 കേന്ദ്രങ്ങളിലുമായി കഴിഞ്ഞ ദിവസം 1,250 ഔട്ട് പാസ് അപേക്ഷകള്‍ പുതുതായെത്തി. ജിദ്ദയില്‍ മാത്രം 260പേരാണ് അപേക്ഷ സമര്‍പ്പിക്കാനായി കോണ്‍സുലേറ്റിലെത്തിയത്.
ഇതില്‍ ഹുറൂബിലകപ്പെട്ട 130ഓളംപേര്‍ ഇ.സിക്ക് വേണ്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. പൊതുമാപ്പ് പ്രഖ്യാപിച്ചതിനുശേഷം കോണ്‍സുലേറ്റില്‍ നേരിട്ടെത്തി അപേക്ഷ നല്‍കിയവര്‍ക്കുള്ള ഇ.സി വിതരണംചെയ്ത് തുടങ്ങിയതായി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ക് പറഞ്ഞു. മറ്റ് സേവന കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള ഇ.സി ഒരാഴ്ചയ്ക്കകം വിതരണം ചെയ്യും. ജിദ്ദ കന്തറയിലെ ലേബര്‍ വിഭാഗത്തില്‍നിന്നുള്ള സേവനം സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് ഇന്നലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ലേബര്‍ വിഭാഗത്തില്‍നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ഇപ്പോള്‍ തര്‍ഹീലില്‍ നിന്ന് ലഭിക്കുന്നുണ്ട്.
അടുത്ത ഞായറാഴ്ചയോടെ ലേബര്‍ ഡിപാര്‍ട്ട്‌മെന്റില്‍നിന്നുള്ള സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അവസാന ദിവസങ്ങളിലേക്ക് കാത്തിരിക്കാതെ എത്രയുംവേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് നയതന്ത്ര കാര്യാലയവും വിവിധ സംഘടനകളും അഭ്യര്‍ഥിച്ചു. ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ തുറന്നിട്ടുണ്ട്.
എക്‌സിറ്റ് വിസക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഇഖാമ നമ്പര്‍ ആവശ്യമാണ്. ഇഖാമ ഇല്ലാത്തവര്‍ ജവാസാത്ത് ഓഫിസില്‍ നേരിട്ടെത്തണം. മത്‌ലൂബുകാരും ജയില്‍ നടപടികള്‍ നേരിടുന്നവരും പൊതുമാപ്പ് പരിധിയില്‍ വരില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, സഊദിയില്‍ ഇനി പൊതുമാപ്പ് പ്രതീക്ഷിക്കേണ്ടെന്ന് ജവാസാത്ത് മേധാവി സുലൈമാന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്‌യ. ഇതുവരെ ഏഴായിരത്തോളംപേര്‍ എക്‌സിറ്റ് നേടിയിട്ടുണ്ട്. രാജ്യംവിട്ടുപോകാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ പാസ്‌പോര്‍ട്ട് അതോറിറ്റിയെ സമീപിക്കണം. ഇഖാമ ഇല്ലാത്തവര്‍ക്കും എക്‌സിറ്റ് നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."