ഗാന്ധിവധത്തിലെ ആര്‍.എസ്.എസ് പങ്ക്: പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍
ഭീവണ്ടി: മഹാത്മാഗാന്ധി വധക്കേസില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഭീവണ്ടി കോടതിയില്‍ ഹാജരായപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതോടെ കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരേ കോടതി കുറ്റം ചുമത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരേ കുറ്റം ചുമത്തിയത്.
ആര്‍.എസ്.എസിനെതിരായ താങ്കളുടെ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ തയാറാണോ എന്ന ജഡ്ജി എ.ഐ ഷെയ്ഖിന്റെ ചോദ്യത്തോട് ഇല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതോടെയാണ് കോടതി രാഹുലിനെതിരേ കുറ്റം ചുമത്താന്‍ തയാറായത്. കേസ് ഓഗസ്റ്റ് 10 ന് കോടതി വീണ്ടും പരിഗണിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെതിരേ പ്രസംഗിച്ചത്. 'ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ടിപ്പോള്‍ അവര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ് ' എന്നായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.
അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ മുംബൈ വിമാനത്താവളത്തിലിങ്ങിയ അദ്ദേഹത്തെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടെത്തി സ്വീകരിച്ചു.
11 ഓടെയാണ് അദ്ദേഹം ഭീവണ്ടിയിലെ വിചാരണ കോടതിയില്‍ ഹാജരായത്. രാഹുല്‍ എത്തുന്നത് മാനിച്ച് കനത്ത സുരക്ഷയായിരുന്നു കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. ഭാവി പ്രധാനമന്ത്രിക്ക് സ്വാഗതം എന്ന ബോര്‍ഡുകളുമായി വന്‍ ജനക്കൂട്ടം രാഹുലിനെ കാത്തുനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."