കുറുങ്ങാട്ട് കടവ് പുഴയില്‍ അപകടം പതിവാകുന്നു
കട്ടാങ്ങല്‍: പുള്ളാവൂര്‍ കുറുങ്ങാട്ട് കടവ് പുഴയില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കൂടി വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചതോടെ പ്രദേശവാസികള്‍ ഭയത്തിലാണ്. എന്‍.ഐ.ടി യിലെ വിദ്യാര്‍ഥികളടക്കം നിരവധി പേരെത്തുന്ന പുഴ കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പി.ടി.എ റഹീം എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറി കളരാന്തിരി പട്ടിണിക്കര ചന്തനപ്പുറത്ത് മജീദിന്റെ മകന്‍ തസ്‌ലിം (19) ആണ് മരിച്ചത്. സഹപാഠികള്‍ക്കൊപ്പം നീന്തിക്കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.നിലവിളി കേട്ട് സമീപത്തെ പമ്പ് ഹൗസ് ജീവനക്കാരന്‍ ബിജുവും സഹപാഠികളുമെത്തി മുങ്ങിയെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിലവിലുള്ള കോണ്‍ക്രീറ്റ് കെട്ടിനു മുകളില്‍ മണല്‍ചാക്ക് കൊണ്ട് എന്‍.ഐ.ടി അധികൃതര്‍ പൊക്കിക്കെട്ടിയതിനാല്‍ വെള്ളം ഉയരത്തിലായിരുന്നു.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ കുളിക്കാന്‍ വന്ന ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. കുറുങ്ങാട്ട് കടവ് പാലം മുതല്‍ തഴെ കാക്കേരി പാലം വരെ പുഴയുടെ ആഴം കൂടുതലായതിനാല്‍ ഈ ഭാഗങ്ങളില്‍ അപകട സാധ്യത കൂടുതലാണ്.
പുഴ കെട്ടി സംരക്ഷിച്ചാല്‍ ഒരു പരിധിവരെ അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തുന്നു. നേരത്തെ അപായ മുന്നറിയിപ്പ് ബോര്‍ഡ് നാട്ടുകാര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഇതു ഗൗനിക്കാറില്ല. അധികൃതര്‍ പരിഹാരമാര്‍ഗങ്ങള്‍ കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."