സീനിയര്‍, യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; കോട്ടയവും പാലക്കാടും മുന്നില്‍
തിരുവനന്തപുരം: സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കോട്ടയവും യൂത്ത് മീറ്റില്‍ പാലക്കാടും കുതിക്കുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന മീറ്റില്‍ ആദ്യദിനത്തില്‍ ഡോ. ടോണി ഡാനിയേല്‍ മെമ്മോറിയല്‍ സീനിയര്‍ അതല്റ്റിക് മീറ്റില്‍ അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവും നേടി 83 പോയിന്റുമായി കോട്ടയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.
നാലു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 73.5 പോയിന്റുമായി എറണാകുളമാണ് രണ്ടാമത്. ആറു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 72 പോയിന്റു നേടി ആതിഥേയരായ തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്. സീനിയര്‍ വിഭാഗത്തില്‍ ഇന്നലെ നാലു റെക്കോര്‍ഡുകള്‍ പിറന്നു. സ്റ്റീപ്പില്‍ ചേസില്‍ കോട്ടയത്തിന്റെ ഏയ്ഞ്ചല്‍ ജെയിംസ് (11 മിനിറ്റ് 12.40 സെക്കന്‍ഡ്), ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ മേഘാ മറിയം മാത്യു( 12.72 മീറ്റര്‍) എന്നിവര്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ അപര്‍ണാ റോയ്( 14.10 സെക്കന്‍ഡ്) നിലവിലുള്ള റെക്കോര്‍ഡിന് ഒപ്പമെത്തിയ പ്രകടനം നടത്തി. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ മെയ്‌മോന്‍ പൗലോസ്(14.32 സെക്കന്‍ഡ്), പോള്‍വോള്‍ട്ടില്‍ കോഴിക്കോടിന്റെ ബിനിഷ് ജേക്കബ് (4.90 മീറ്റര്‍) എന്നിവരും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി.
ഒളിംപ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 108 പോയിന്റുമായാണ് പാലക്കാട് ഒന്നാമതെത്തിയത്. ഏഴു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 93 പോയിന്റ് നേടി എറണാകുളമാണ് രണ്ടാമത്. തിരുവനന്തപുരം മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 74 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
യൂത്ത് വിഭാഗത്തില്‍ ഇന്നലെ ഏഴു റെക്കോര്‍ഡുകളാണ് പിറന്നത്. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോടിന്റെ അപര്‍ണാ റോയ്( 12.51), 400 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ പ്രിസ്‌കില്ല ഡാനിയേല്‍ (57.77 സെക്കന്‍ഡ്) ഡിസ്‌കസ് ത്രോയില്‍ തൃശൂരിന്റെ പി.എ അതുല്യ (33.87 മീറ്റര്‍), ഹാമര്‍ ത്രോയില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (49.60 മീറ്റര്‍) ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സി അഭിനവ്(11.03 സെക്കന്‍ഡ്), 400 മീറ്ററില്‍ എറണാകുളത്തിന്റെ അഭിഷേക് മാത്യു (49.53 സെക്കന്‍ഡ്), ജാവലിന്‍ ത്രോയില്‍ എറണാകുളത്തിന്റെ അഖില്‍ ശശി( 54.60 മീറ്റര്‍) എന്നിവരാണ് ഇന്നലെ പുതിയ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകള്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."