നിര്‍ധനര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി ബിനോയിയുടെ മാതൃക
കേളകം: കൈയില്‍ പണമില്ലാത്തവര്‍ക്കും മടിയേതുമില്ലാതെ ഈ ഹോട്ടലില്‍ വന്ന് ഭക്ഷണം കഴിക്കാം. കേളകം വെള്ളൂന്നി സ്വദേശി ബിനോയിയുടെ മഞ്ഞളാംപുറത്തുള്ള ഗ്രീന്‍ ആപ്പിള്‍ ഹോട്ടലാണ് മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാകുന്നത്. കൈയില്‍ പണമില്ലാതെ വിശന്നുവലഞ്ഞ് കേളകത്ത് എത്തുന്നവര്‍ക്ക് ആശ്വാസമാകുകയാണ് ഗ്രീന്‍ ആപ്പിള്‍ ഹോട്ടല്‍. രണ്ടുവര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ ആരോ കുറിച്ച ഒരു ആശയമാണ് ബിനോയിയുടെ മനസില്‍ തറച്ചത്. പണമില്ലാത്തതിന്റെ പേരില്‍ ഭക്ഷണം കഴിക്കാനാവാതെ പട്ടിണി സഹിച്ച് ജീവിക്കുന്ന എത്രയോ പേരുണ്ടെന്ന തോന്നലും ബിനോയിയുടെ ഈ ഉദ്യമത്തിന് പ്രചോദനമായി. കൈയില്‍ പണമില്ലാതെ വരുന്നവര്‍ക്ക് ഇവിടെനിന്ന് ഭക്ഷണം കഴിക്കാവുന്നതാണ് എന്ന ബോര്‍ഡാണ് ബിനോയി തന്റെ ഹോട്ടലിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ബോര്‍ഡ് വയ്ക്കാനുള്ള കാരണവും ബിനോയി വ്യക്തമാക്കുന്നു. പല നിര്‍ധനരും ഹോട്ടലില്‍നിന്ന് ഭക്ഷണം ചോദിച്ചാല്‍ മോശമായി പെരുമാറുമോ എന്ന ആശങ്ക കൊണ്ട് വിശപ്പടക്കുകയാണ് പതിവ്. ഇവര്‍ക്ക് ധൈര്യമായി ചോദിക്കാനുള്ള പ്രചോദനം നല്‍ക്കുക എന്നതാണ് ബോര്‍ഡ് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ബിനോയി പറയുന്നു. കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കാലമായതുകൊണ്ട് നിരവധി ആളുകള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഭക്ഷണത്തിനായി എത്താറുമുണ്ട്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പല ആളുകളും അന്വേഷിച്ച് വരാറുണ്ടെന്നും ബിനോയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."