കനത്തമഴ: അട്ടപ്പാടിയില്‍ വ്യാപക നാശനഷ്ടം
അഗളി : ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അട്ടപ്പാടിയില്‍ വ്യാപക നാശനഷ്ടം. ശക്തിയായ കാറ്റില്‍ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷത്തിലധികം വാഴകളാണ് നശിച്ചത്.
ഓണക്കാലത്ത് വിളവെടുക്കാന്‍ പാകമായ വാഴകളാണ് ഇത്തരത്തില്‍ നശിച്ചുപോയത്. ഓണവിപണി ലക്ഷ്യമിട്ട് ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. ശിരുവാണി, ഭവാനി പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പല പ്രദേശങ്ങളിലും പൂര്‍ണ്ണമായി ഒറ്റപ്പെട്ടിട്ടുണ്ട്. സൈലന്റ് വാലി വനപ്രദേശത്ത് തുടരുന്ന കനത്ത മഴമൂലം ഭവാനിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ഘനയടി വെള്ളമാണ് ഭവാനിയിലൂടെ ഒഴുകി തമിഴ്‌നാട്ടിലേക്ക് പോകുന്നത്.
അതേസമയം അട്ടപ്പാടി ചുരം റോഡിന്റെ അപകടാവസ്ഥ തുടരുകയാണ്. പൊലിസും ഫയര്‍ഫോഴ്‌സും ചുരത്തിലെ മണ്ണ് നീക്കാനായി സജീവമായി രംഗത്തുണ്ട്. ചുരത്തില്‍ മണ്ണിടിച്ചലിന് സാധ്യതകൂടുതലാണെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ച് ചുരംറോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകീട്ട് ഏഴുമണിമുതല്‍ വാഹനങ്ങള്‍ ചുരം റോഡിലൂടെ ഇനി കടത്തിവിടില്ല. ഭാരം കയറ്റിയ വാഹനങ്ങള്‍ക്കും അനുമതിയില്ല.
കനത്ത മഴ തുടരുന്നതിനാല്‍ അട്ടപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഭവാനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചാവടിയൂരില്‍ തുരുത്തില്‍ രണ്ട് ആളുകള്‍ കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും വെളിച്ചത്തിന്റെ അഭാവവും കനത്ത മഴയും കാരണം രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."