നീതിക്കായി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഇന്ന് അനിശ്ചിതകാല നിരാഹാരസമരത്തിന്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നിലാണ് സമരം. ഇതിനായി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരത്തെത്തി.
മുഴുവന്‍ കുറ്റവാളികളേയും അറസ്റ്റു ചെയ്യാതെ സമരത്തില്‍ പിന്‍മാറില്ലെന്ന് അമ്മ മഹിജ തിരുവനന്തപുരത്ത് മാധ്യങ്ങളോട് പറഞ്ഞു. അറസ്റ്റ് വരിക്കാന്‍ ഒരുക്കമാണെമെന്നും അവരാവര്‍ത്തിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമായിരുന്നുവെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. വളയത്തെ വീട്ടില്‍ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും നാട്ടുകാരുമടക്കം 15 ഓളം പേരാണ് തിരുവന്തപുരത്തെത്തിയത്. ജിഷ്ണുവിന്റെ സഹപാഠികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞമാസം 27ന് സമരം തുടങ്ങാനായിരുന്നു നേരത്തെ കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ ഒരാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് മാതാപിതാക്കള്‍ താല്‍കാലികമായി പിന്‍മാറി. പക്ഷെ ഒരാഴ്ചകഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടായില്ല.
രാവിലെ പത്ത് മണിക്ക് സമരം ആരംഭിക്കും.
കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുളളത്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജിഷ്ണുവിന്റെ മാതാപിതാക്കളുടെ സമരം സര്‍ക്കാരിനും തലവേദനയുണ്ടാക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."