ശ്വസിക്കുന്നത് വിഷവാതകം, നുര പുതഞ്ഞ വായ തുറന്ന് സിറിയന്‍ ജനത ചോദിക്കുന്നു, എന്തിനു വേണ്ടി? VIDEO
സിറിയയില്‍ വീണ്ടും അശാന്തി പടര്‍ത്തി ഇന്നലെ രാസായുധാക്രമണം നടന്നിരിക്കുന്നു. വിമത പ്രദേശമായ ഇദ്‌ലിബിന്റെ ശ്വാസോഛാസം പോലും തടസ്സപ്പെടുത്തി നടന്ന ആക്രമണത്തിന്റെ ഭീകരതയില്‍ നടുങ്ങിയിരിക്കുകയാണ് ഡോക്ടര്‍മാരും രക്ഷാപ്രവര്‍ത്തകരും. 74 പേരുടെ മരണത്തിനും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായ ആക്രമണം സര്‍ക്കാര്‍ നടത്തിയതെന്നാണ് വിമതര്‍ ആരോപിക്കുന്നത്. യുദ്ധക്കുറ്റം ചുമത്തി അന്വേഷിക്കുമെന്ന് യു.എന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇരകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്ഷപ്പെടുത്താനും ചികിത്സ നല്‍കാനും നന്നേ പാടുപെടുന്നു. ഇനിയും നിരവധി പേരെ പല സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്താനുണ്ട്. ഉള്ള സൗകര്യങ്ങളുപയോഗിച്ച് ഇവരെ കണ്ടെത്തി രക്ഷിക്കാനുള്ള ശ്രമത്തിലാണ് വൈറ്റ് ഹെല്‍മെറ്റ് സേനയടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍.
557 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഇദ്‌ലിബിലെ ആരോഗ്യ ഡയരക്ടറേറ്റ് തലവന്‍ മുന്‍സിര്‍ ഖലീല്‍ പറയുന്നത്. ചികിത്സയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തിയത് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. മാരെറ്റ് അല്‍ നൂമാനിലെ ആശുപത്രിക്കു നേരെ മൂന്ന് വ്യോമാക്രമണങ്ങളാണുണ്ടായത്. മാസത്തില്‍ 30,000 പേര്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രിയാണിത്.
ഈ ആശുപത്രിയിപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. സജ്ജീകരണങ്ങളെല്ലാം നശിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നു. പിന്നെ വിഷവാതകത്തിന്റെ ആക്രമണവും.
നല്ലൊരു ശതമാനം കുട്ടികളും ആക്രമണത്തിന്റെ വലിയ പ്രത്യാഘാതം നേരിട്ടു. സിറിയന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിയുടെ കണക്കു പ്രകാരം കൊല്ലപ്പെട്ട 99 പേരില്‍ 37 ഉം കുട്ടികളാണ്.
വിഷവാതകം ശ്വസിച്ചാണ് അധികം പേരും മരിക്കുന്നത്. ചികിത്സയിലുള്ളവരും വലിയ അപകട നിലയിലാണ്. ജനങ്ങള്‍ ഛര്‍ദിക്കുകയും വായില്‍ നിന്ന് നുര പുറത്തുവരികയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷപ്പെടുത്തിയവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവുമോയെന്നും ഡോക്ടര്‍മാര്‍ക്ക് ആധിയാണ്.
വീഡിയോ കടപ്പാട്: അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."