സോളാര്‍: ഉമ്മന്‍ചാണ്ടിക്കെതിരായ വിധിക്ക് സ്റ്റേ
ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ വിധി കോടതി അസ്ഥിരപ്പെടുത്തി. കേസില്‍ 1.61 കോടി രൂപ പിഴ നല്‍കണമെന്ന വിധി ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് അസ്ഥിരപ്പെടുത്തിയത്. വിധിക്കെതിരേ ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജി പരിഗണിച്ചാണ് വിധി അസ്ഥിരപ്പെടുത്തിയത്. കേസിന്റെ പുനര്‍വിചാരണ ജൂണില്‍ നടത്താനായി കോടതി മാറ്റിയിട്ടുണ്ട്.
നേരത്തെ പിഴ നല്‍കണമെന്ന കോടതിവിധിയില്‍ തന്റെ ഭാഗം കേട്ടില്ലെന്നും വിധി ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയിലാണ് സിറ്റി സിവില്‍ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. 400 കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവെന്ന പേരില്‍ എറണാകുളം സ്വദേശി ആന്‍ഡ്രൂസും മറ്റു നാലുപേരും ചേര്‍ന്നു കൊച്ചിയിലെ സ്‌കോസ എഡ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ ബംഗളൂരുവിലെ വ്യവസായിയായ എം.കെ.കുരുവിളയില്‍ നിന്നു പണം തട്ടിയെന്നായിരുന്നു കേസ്.
സൗരോര്‍ജ പദ്ധതി വാഗ്ദാനം ചെയ്തു പ്രതികള്‍ 1.35 കോടി രൂപ വാങ്ങിയെന്നായിരുന്നു കുരുവിളയുടെ പരാതി. കേസില്‍ ഉമ്മന്‍ചാണ്ടി അഞ്ചാം പ്രതിയാണ്.
ആറുപ്രതികളും ചേര്‍ന്ന് ഹരജിക്കാരന് 1.61 കോടി രൂപ പിഴനല്‍കണമെന്നായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. 2016 ഓക്ടോബര്‍ 24നായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."