സഹോദരപുത്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍
മലപ്പുറം: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ സഹോദരപുത്രനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പൊലിസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാംപ്രതി മലപ്പുറം പാണക്കാട് സ്വദേശി പനങ്ങാട്ട് വീട്ടില്‍ മുഹമ്മദ്(52) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് മുഹമ്മദും കൂട്ടുപ്രതിയും അനിയനുമായ കുഞ്ഞുമുഹമ്മദും ജ്യേഷ്ഠനുമായി സ്വരചേര്‍ച്ചയിലായിരുന്നില്ല. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവരും ചേര്‍ന്ന് ജ്യേഷ്ഠനെ മര്‍ദിക്കുകയും ബോധംകെട്ടുവീണ ഇയാളെ രക്ഷിക്കാനെത്തിയ മകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രണ്ടുപ്രതികളും ഒളിവില്‍ പോയി. പൊലിസ് പിടികൂടുമെന്ന് ഭയന്ന് ഇവര്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഇതോടെ പ്രതികളുടേയും ബന്ധുക്കളുടേയും വീടുകള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഒന്നാം പ്രതി മുഹമ്മദ് നാട്ടിലെത്തിയതു മനസിലാക്കി ഇന്നലെ പുലര്‍ച്ചെ സ്ഥലത്തെത്തിയ പൊലിസ് ഇയാളെ പിടികൂടുകയായിരുന്നു. വീടിന്റെ തട്ടിന്‍പുറം അകത്ത് നിന്നു പൂട്ടി ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതി കുഞ്ഞുമുഹമ്മദിനെ പിടികിട്ടാനുണ്ട്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയുടെ നിര്‍ദേശപ്രകാരം എസ്.ഐമാരായ റിച്ചാര്‍ഡ് വര്‍ഗീസ്, എം. ദേവി, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ഫിറോസ് ഖാന്, മുഹമ്മദ് ശാക്കിര്‍, അബ്ദുള്ള, ബാബു, നിസാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."