ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള ഗവേഷണ ഫലങ്ങള്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കമ്യൂനിറ്റി മെഡിസിന്‍ വിഭാഗം 2017 -18ല്‍ നടത്തിയ ഡെങ്കി പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗവേഷണ ഫലങ്ങള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം ഓഫിസില്‍ വച്ച് പ്രകാശനം ചെയ്തു.
സ്‌കൂള്‍തല ഇടപെടലുകളുടെ ഫലപ്രാപ്തി, ഫീല്‍ഡ്തല എപ്പിഡെമിയോളജി പഠനം, ഡെങ്കിപ്പനിയുടേയും മറ്റ് പനികളുടേയും മരണ കാരണങ്ങള്‍, ഡെങ്കി പനി ബാധിതരുടെ തുടര്‍ പഠനം എന്നിവയിലാണ് ഗവേഷണം നടത്തിയത്. തിരുവനന്തപുരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴിയുള്ള ഡെങ്കി പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയെ അവലോകനം ചെയ്യുന്ന പഠനത്തില്‍ ആകെ കണ്ടെത്തിയ ഉറവിടങ്ങളില്‍ 39 ശതമാനവും കൂത്താടികളെ കണ്ടെത്തിയ ഉറവിടങ്ങളില്‍ 22 ശതമാനം വീടിനുള്ളിലായിരുന്നു. ഇതില്‍ 40 ശതമാനം കണ്ടയ്‌നറുകളും നശിപ്പിക്കാന്‍ സാധിച്ചു.
ടയര്‍ (51), തോടുകള്‍ (41 ശതമാനം) (ചിരട്ട, മുട്ട തോട്) പ്ലാസ്റ്റിക് കപ്പ് (28.58) എന്നിവയിലായിരുന്നു ഏറ്റവും അധികം കൂത്താടികളെ കണ്ടെത്തിയത്. വേനല്‍ക്കാലത്ത് പോലും കണ്ടെത്തിയ ടയറുകളില്‍ 51 ശതമാനത്തിലും ലാര്‍വയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഉറവിട നശീകരണമാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗം.
വീടുകള്‍ക്കുള്ളില്‍ തന്നെ ഈഡിസ് കൊതുകളുടെ ഉറവിടങ്ങള്‍ നിലനില്‍ക്കുന്നു എന്നതിനാല്‍ ഓരോ വീട്ടുകാരും ശ്രദ്ധിക്കേണ്ടതാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഡെങ്കിപ്പനികളില്‍ ടൈപ്പ് 1, 2 എന്നിവ ഉള്‍പ്പെട്ടിരുന്നു. തുടച്ചയായി നില്‍ക്കുന്ന തീവ്രമായ വയറുവേദന, വയറിളക്കം ശ്വാസംമുട്ടല്‍, കഠിനമായ ക്ഷീണം, മയക്കം തുടങ്ങിയവ അപായ ലക്ഷണങ്ങളാണ്.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പനി കുറഞ്ഞാലും തുടര്‍ന്നുള്ള മൂന്നു ദിവസമെങ്കിലും മതിയായ വിശ്രമവും നിരീക്ഷണവും ആവശ്യമാണ്. മതിയായ വൈദ്യസഹായം തേടുന്നതിനുള്ള കാലതാമസവും സ്വയം ചികിത്സയും ഒഴിവാക്കേണ്ടാണ്. ഇതോടൊപ്പം പനിയുടെ ആദ്യ ദിവസങ്ങളില്‍ ധാരാളം വെള്ളം കുടിച്ചവരില്‍ സങ്കീര്‍ണതകള്‍ കുറവായിരുന്നുവെന്നും ഗവേഷണ ഫലം കണ്ടെത്തി.
കമ്യൂനിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസി. പ്രൊഫസര്‍മാരായ ഡോ. ലിബു ജി.കെ, ഡോ. അനീഷ് ടി.എസ്, ഡോ. ചിന്ത എസ്, ഡോ. ടോണി ലോറന്‍സ് എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.
എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. അജയകുമാര്‍, അച്യുതമേനോന്‍ സെന്ററിലെ പ്രൊഫസര്‍ ഡോ. വി. രാമന്‍കുട്ടി, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കമ്യൂനിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ്, ഡോ. റീന, ഡോ. മീനാക്ഷി, ഡോ. ശ്രീകുമാര്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. ശാരദ, മെഡിക്കല്‍ കോളജിലെ വിവിധ ഡോക്ടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."