പരിഹാരം 2017: തുടക്കം പറവൂര്‍ താലൂക്കില്‍
കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ പരിഹാരം 2017ന്റെ തുടക്കം പറവൂര്‍ താലൂക്കില്‍ നടത്തുമെന്നു ജില്ലാ കലക്ടര്‍ മുഹമ്മദ്‌വ വൈ. സഫീറുള്ള അറിയിച്ചു. 27ന് ആദ്യഘട്ടത്തിന് പറവൂരില്‍ തുടക്കമിടും. കലക്ടറുടെ നേതൃത്വത്തിലായിരിക്കും പരിഹാരം നടത്തുക. ഇതിനു മുന്നോടിയായി അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി സ്വീകരിച്ചുവരുകയാണ്. അപേക്ഷകള്‍ താലൂക്ക് തലത്തില്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യൂസര്‍ ഐ.ഡി, പാസ്‌വേഡ് എന്നിവ നല്‍കിയിട്ടുണ്ട്. വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും അക്ഷയ നടത്തിപ്പുകാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് പരിശീലനം നല്‍കിക്കഴിഞ്ഞതായി കലക്ടര്‍ പറഞ്ഞു.
12 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള ധനസഹായം, ബിപിഎല്‍ റേഷന്‍ കാര്‍ഡിലേക്കുള്ള മാറ്റം എന്നിവയ്ക്കായി അപേക്ഷ സമര്‍പ്പിക്കരുത്. എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു പരാതികള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 12 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അവരവരുടെ താലൂക്കില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ അവ നല്‍കാം.
ഇത്തരം അപേക്ഷകളില്‍ നടപടി സ്വീകരിച്ച് പിന്നീട് വിവരം അറിയിക്കും. പരിപാടി വിജയകരമാക്കുന്നതിന് പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സഹകരണം കലക്ടര്‍ അഭ്യര്‍ഥിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് താഴേത്തട്ടില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പരിഹാരം 2017 ആവിഷ്‌കരിച്ചിരിക്കുന്നത്.
വില്ലേജ് ഓഫിസിലോ താലൂക്ക് ഓഫിസിലോ തീര്‍ക്കേണ്ട വിഷയങ്ങള്‍ അവിടങ്ങളില്‍ത്തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു അപേക്ഷകന് ഒരു കാര്യത്തിന്റെ പേരില്‍ പലതവണ ഓഫിസുകള്‍ കയറി ഇറങ്ങേണ്ട സ്ഥിതി ഒഴിവാക്കുകയാണു ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."