എം.എല്‍.എയുടെ അമ്മക്കിളിക്കൂടിന് കൈതാങ്ങായി വൈദിക വിദ്യാര്‍ഥികള്‍
നെടുമ്പാശ്ശേരി: അന്‍വര്‍സാദത്ത് എം.എല്‍.എ വിധവകളും, നിരാലംബരുമായ സ്ത്രീകള്‍ക്കും, മക്കള്‍ക്കുമായി നടപ്പാക്കി വരുന്ന 'അമ്മക്കിളിക്കൂട്' ഭവന പദ്ധതിക്ക് പിന്തുണയുമായി ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ദൈവ ശാസ്ത്ര വിദ്യാര്‍ഥികള്‍. സംസ്ഥാനത്ത് ഇതാദ്യമായി നിരലാംബരായ സ്ത്രീകളെ ലക്ഷ്യമാക്കി ഒരു എം.എല്‍.എ മുന്‍ കൈയെടുത്ത് നടപ്പാക്കി വരുന്ന ഭവനപദ്ധതിയാണ് അമ്മക്കിളിക്കൂട്.
അമ്മക്കിളിക്കൂട് പദ്ധതി സംബന്ധിച്ച് വാര്‍ത്ത മാധ്യമങ്ങളിലൂടെ മംഗലപ്പുഴ സെമിനാരിയിലെ റെക്ടര്‍ മാത്യു ഇല്ലത്തുപറമ്പില്‍ അറിയാനിടിയായി. തുടര്‍ന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട് പദ്ധതിയെ കൂടുതല്‍ മനസിലാക്കുകയും തങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ അമ്മക്കിളിക്കൂട് പദ്ധതിയില്‍ സഹകരിക്കാന്‍ അവസരം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്ക് അടിത്തറ നിര്‍മിക്കുന്നതിന് മുന്നോടിയായി മണ്ണ് നീക്കി വാനം കോരുന്ന സേവനം നല്‍കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു റെക്ടറുടെ ആഗ്രഹം. നിറഞ്ഞ മനസോടെയായിരുന്നു എം.എല്‍.എ അത് സ്വാഗതം ചെയ്തത്.
അപ്രകാരം ചെങ്ങമനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കപ്രശ്ശേരി മഠത്തിമൂലയില്‍ ഉണ്ടിയപ്പറമ്പില്‍ സബ്‌ന ഷബീറിനായി നിര്‍മിക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലെ 32 ആമത്തെ വീടിനായി വാനം താഴ്ത്തി മണ്ണ് നീക്കാന്‍ തയാറെടുപ്പ് നടത്തി. സെമിനാരിയിലെ സേവന ചുമതലയുള്ള ഫാ. അഗസ്റ്റ്യ ചേന്നാട്ടിന്റെ നേതൃത്വത്തില്‍ 30 ഓളം വരുന്ന തത്വശാസ്ത്ര ദൈവ ശാസ്ത്ര വൈദിക വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വാനം താഴ്ത്തല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച മണ്ണ് കോരല്‍ സന്ധ്യയോടെയാണ് അവസാനിച്ചത്. അതിനിടെ വൈദിക വിദ്യാര്‍ഥികള്‍ വാനം താഴ്ത്തിയത് മൂലം നിര്‍മാണത്തില്‍ ഇളവ് ലഭിക്കുന്ന തുക മൊത്തമായി സ്വരൂപിച്ച് അര്‍ഹതയുള്ള മറ്റൊരാള്‍ക്ക് കൂടി അമ്മക്കിളിക്കൂട് പദ്ധതിയില്‍ പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."