പനി ഭീതിയില്‍ ജില്ല: ഡോക്ടര്‍മാരില്ലാതെ വണ്ടാനം മെഡിക്കല്‍ കോളജ്
ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പനി പടര്‍ന്നുപിടിക്കുമ്പോഴും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന വണ്ടാനം മെഡിക്കല്‍ കോളജിലാണ് ഡോക്ടര്‍മാരില്ലാത്തത്.
കാര്‍ഡിയോളജി, ന്യൂറോളജി, ഗാസോ എന്‍ട്രോളജി, ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍, ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല.
ആഴ്ചയില്‍ രണ്ടു ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന കാര്‍ഡിയോളജി വിഭാഗത്തില്‍ ആകെ രണ്ടു ഡോക്ടര്‍മരാണുള്ളത്. ഒരു ദിവസം മാത്രം 250ലേറെ പേരാണ് ഈ വിഭാഗത്തില്‍ എത്തുന്നത്. കുറഞ്ഞത് അഞ്ചു ഡോക്ടര്‍മാരെങ്കിലും വേണ്ട സ്ഥാനത്ത് ആകെയുള്ളത് രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണ്. ഇവരാകട്ടെ 150 പേരെ മാത്രമേ നിലവില്‍ നോക്കുന്നുള്ളൂ. ഡെങ്കിപ്പനി, എലിപ്പനി എന്നിവ ജില്ലയിലാകെ ഭീതി പടര്‍ത്തി പടര്‍ന്നുപിടിക്കുമ്പോഴാണ് മെഡിക്കല്‍ കോളജിലെ ഈ ദുരവസ്ഥ. കുപ്പപ്പുറം, മുഹമ്മ, ചുനക്കര, മണ്ണഞ്ചേരി, ചേര്‍ത്തല, പൂച്ചാക്കല്‍ എന്നിവിടങ്ങളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യ വിഭാഗത്തിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ പനി പടര്‍ന്നു പിടിക്കാന്‍ സാധ്യത ഏറെയാണ്.
മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെയുള്ളവ വൃത്തിഹീനമായി കിടക്കുന്നതും പനി പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യതകളാണ്.
ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ മാസം ഇന്നലെ വരെ 5028 പേരാണ് പനി ബാധിച്ച് എത്തിയത്. ജില്ലയില്‍ ആറു സ്ഥലങ്ങളില്‍ ഡെങ്കിപ്പനിയും മൂന്നിടത്ത് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തണ്ണീര്‍മുക്കം- 2, പള്ളിപ്പുറം- 1, ചേര്‍ത്തല- 1, ചേപ്പാട്- 1 എന്നിങ്ങനെയാണ് ഡെങ്കിപ്പനിയുടെ കണക്കുകള്‍. നെടുമുടി, മാരാരിക്കുളം, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1577 പേരാണ് ഇന്നു മാത്രം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. 196 പേരാണ് ഇന്നലെ പനി ബാധിതരായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.
സ്വകാര്യ ആശുപത്രികളിലെ കണക്ക് ഇതിലും കൂടുതലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേര്‍ ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിരുന്നു. എന്നാല്‍ വ്യക്തമായ കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."