തോട്ടപ്പള്ളി പൊഴി മുറിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലച്ചില്ല
ഹരിപ്പാട്: തോട്ടപ്പള്ളി പൊഴി മുറിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലക്കാത്തതിനാല്‍ ജനജീവിതം ഏറെ ദുസ്സഹമായി. റോഡുകള്‍ മുങ്ങിയതോടെ വാഹന ഗതാഗതവും സ്തംഭിച്ചു.
അധിക വീടുകള്‍ക്കുള്ളിലും വെള്ളം കയറി. ഉള്‍പ്രദേശങ്ങളില്‍ വീടിനുള്ളില്‍ വെള്ളം കയറിയതിനാല്‍ പല വീടുകളിലും തട്ടുകളിട്ടാണ് താമസം. ചെറുതന രണ്ടാം വാര്‍ഡില്‍ പോച്ചയില്‍ ചില്ലാക്കേരിച്ചിറയില്‍ ബാലന്‍, രാജേഷ് ഭവനത്തില്‍ ശാന്തമ്മ എന്നിവരുടെ വീടുകളില്‍ രണ്ടു അടിയോളം പൊക്കത്തില്‍ തട്ട് നിര്‍മിച്ചാണ് ആഹാരം പാചകം ചെയ്യുന്നതും താമസിക്കുന്നതും.
ആടുമാടുകളുടെ വാസവും തട്ടിന്‍പുറത്താണ്. സര്‍വ മേഖലകളിലും ജീവിതം ദുരിതപൂര്‍ണമാണ്. എടത്വാ വീയപുരം റോഡും വീയപുരം മാന്നാര്‍ റോഡും മുങ്ങിയതോടെ ഇതു വഴിയുള്ള വാഹന ഗതാഗതവും താറുമാറായി. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതം പേറുന്നത്. ചെറുകിട റോഡുകളിലെല്ലാം വാഹനം മുങ്ങുന്ന തരത്തില്‍ വെള്ളം പരന്നൊഴുകുകയാണ്. ചെറുതനയിലാകട്ടെ വിനിതാ വിജയന്റെ നൂറിലധികം ഗ്രോബാഗുകളില്‍ ഇറക്കിയ പച്ചക്കറി കരപ്രദേശം ഇല്ലാത്തതിനാല്‍ നശിക്കുകയായിരുന്നു. പമ്പയാറ്റില്‍ മാതരം പള്ളി പാലത്തിന്റെ തൂണുകളില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കെട്ടിക്കിടക്കുകയാണ്. അര മീറ്ററിലധികം ആഴത്തിലാണ് കെട്ടിക്കിടക്കുന്നത്. നദിയില്‍ ശക്തമായ ഒഴുക്ക് അനുഭവപ്പെടുമ്പോഴും തടസമാകുന്ന തരത്തിലാണ് മാലിന്യങ്ങളുള്ളത്. നീക്കം ചെയ്യണമെങ്കില്‍ ഏറെ സാഹസപ്പെടേണ്ടി വരും.
വീയപുരം കൃഷി ഭവന്‍ പരിധിയില്‍ ഇന്നലെയും മടവീഴ്ച അനുഭവപ്പെട്ടു. തേവേരി കട്ടക്കുഴി പാടശേഖരത്തിലാണ് മടവീണത്. കൃഷിയിറക്കി 62 ദിവസം പിന്നിടുന്ന ഈ പാടശേഖരത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മടവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ബണ്ടില്‍ രണ്ട് മടകളാണ് വീണത്. തെങ്ങിന്‍ കുറ്റി, മുള, മണല്‍ചാക്കുകള്‍ ചെളി എന്നിവ ഉപയോഗിച്ച് നിരവധി തൊഴിലാളികളെ കൊണ്ടാണ് മടയിടുന്നത്. ഇത് ഇന്നും ആവര്‍ത്തിച്ചു. രണ്ടു ലക്ഷത്തിനു മുകളില്‍ രൂപ മടയിടുന്നതിനായി ചെലവഴിച്ചതായി പാടശേഖര സെക്രട്ടറി ബിനു ജോണ്‍ പറഞ്ഞു.
കൃഷിയില്ലാതെ കിടക്കുന്ന പാടശേഖരത്തിലെ വെള്ളത്തിന്റെ അതിസമ്മര്‍ദമാണ് മടവീഴ്ചക്കു കാരണം. പമ്പിങ് നടത്താന്‍ പറ്റാത്തത് മറ്റൊരു ദുരിതമാണ്. അധിക സമയങ്ങളിലും വൈദ്യുതിയില്ല. ലഭിച്ചാലാകട്ടെ വോള്‍ട്ടേജുമില്ലാത്ത സ്ഥിതിയാണ്. ഇതാണ് പമ്പിങ് മുടങ്ങാന്‍ കാരണം. തോട്ടപ്പള്ളി പൊഴി മുറിച്ചിട്ടുണ്ടെങ്കിലും മതിയായ രീതിയില്‍ കടല്‍ വെള്ളം പിടിക്കാത്തതിനാല്‍ നദികളിലെ വെള്ളത്തിന്റെ അതിസമ്മര്‍ദത്തിന് അയവുവരാത്തത് നിരവധി വീടുകള്‍ക്കും കൃഷികള്‍ക്കും ഭീഷണിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."