പ്രതിക്കൂട്ടില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും: മൂന്നാറില്‍ സര്‍ക്കാരും ഭൂമി കൈയേറുന്നു
തൊടുപുഴ: മൂന്നാറില്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) ഭൂമി കൈയ്യേറുന്നു. ഡി.ടി.പി.സി നിര്‍മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കൈയ്യേറ്റ ഭൂമിയിലാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു.
കെ.ഡി.എച്ച് വില്ലേജില്‍ 6225 എന്ന സര്‍വ്വേയില്‍ മൂന്നാര്‍ - ദേവികുളം റോഡില്‍ ഗവണ്‍മെന്റ് കോളജിന്റെ താഴ്‌വശത്തായി റോഡിനോട് ചേര്‍ന്ന 14 ഏക്കര്‍ സ്ഥലത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണു ഡി.റ്റി.പി.സിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ഇവിടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിക്കാനായി ഡി.റ്റി.പി.സിക്കു ഭൂമി അനുവദിച്ചിട്ടില്ല.
കലക്ടറുടെ എന്‍.ഒ.സിയോ ഹരിത ട്രൈബ്യൂണല്‍ അനുമതിയോ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതിയും പ്രസ്തുത നിര്‍മാണത്തിനു ലഭിച്ചിട്ടില്ല. ഇപ്പോഴും ഈ ഭൂമിയില്‍ കോണ്‍ക്രീറ്റ് നിര്‍മാണപ്രവര്‍ത്തികള്‍ നടന്നുവരികയാണ്. ദേവികുളം സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്‍മുന്നില്‍ തന്നെയാണ് ഈ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ദേവികുളം താലൂക്കില്‍ കെ.ഡി.എച്ച് വില്ലേജില്‍ കണ്ണന്‍ദേവന്‍ കമ്പനിയില്‍ നിന്നും വില നല്‍കി ഏറ്റെടുത്തവകയില്‍ പെടുന്ന ഈ ഭൂമി കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിനു മാത്രം ഉപയോഗിക്കാന്‍ നല്‍കണം എന്നാണ് കെ.ഡി.എച്ച് ആക്ടില്‍ പറയുന്നത്. ഇത്തരമൊരു നിയമം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കാര്‍ഷിക ആവശ്യത്തിനല്ലാതെ ഡി.റ്റി.പി.സി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിനു ഭൂമി ഉപയോക്കുന്നതെന്നും ഇതിനു പിന്നില്‍ കയ്യേറ്റ മാഫിയയുടെ കളിയാണെന്നുമാണ് പ്രദേശവാസികള്‍ ആക്ഷേപം ഉന്നയിക്കുന്നത്. എത്രയും വേഗം ഡിറ്റിപിസി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഈ പദ്ധതി പാരിസ്ഥിതിക ആഘാതത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാട്ടുപ്പെട്ടിയാറ് മലിനമാകുന്നതിന് പദ്ധതി കരകാരണമാകും. കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടോ, വനംവകുപ്പുമായി ബന്ധപ്പെട്ടോ മാത്രമേ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണം നടത്താവൂ എന്നും നിയമം പറയുമ്പോള്‍ ടൂറിസം വികസനത്തിനായുള്ള ഒരു കൗണ്‍സില്‍ ഏതുനിലയ്ക്കാണ് ഇത്തരമൊരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഇവിടെ നിര്‍മിക്കുന്നതെന്നതിനു സര്‍ക്കാര്‍ തന്നെ ഉത്തരം പറയണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഈ നിയമലഘംനത്തിനു പിന്നില്‍ ചരടുവലിക്കുന്ന സ്വകാര്യവ്യക്തിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്തുത ഭൂമിയിലെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും ഒഴിപ്പിച്ച് ഭൂമി സര്‍ക്കാര്‍ വകയായി തന്നെ നിലനിര്‍ത്തണമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഒപ്പം ഇതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്ന പരാതി തുടര്‍നടപടികള്‍ക്കായി കെ.ഡി.എച്ച് വില്ലേജ് ഓഫിസിലേക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."