പുതുക്കിയ റേഷന്‍കാര്‍ഡ്: കാത്തിരിപ്പ് തുടങ്ങിയിട്ട് ഒന്നരവര്‍ഷം
മലപ്പുറം: പുതുക്കിയ റേഷന്‍കാര്‍ഡിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒന്നരവര്‍ഷം. പരിഷ്‌കരിച്ച കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ പുതുക്കിയ കാര്‍ഡ് നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കമെങ്കിലും നടന്നിരുന്നില്ല. ഇതുവരെയായി സംസ്ഥാനത്ത് കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം, എറണാകുളം എന്നീ താലൂക്കുകളില്‍ മാത്രമാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇവിടെ കരട് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ നിലവില്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട പലരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇത് വ്യാപക പരാതിക്കിടയാക്കിയതോടെ മറ്റു താലൂക്കുകളില്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. നിലവില്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും നഗര, ഗ്രാമപരിധി തീരുമാനിക്കുന്നതുമായ കാര്യങ്ങളിലാണ് ഇപ്പോഴും നടപടിയാകാത്തത്.
നിലവിലെ മാനദണ്ഡപ്രകാരം നഗരപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുകയും ഗ്രാമങ്ങളില്‍നിന്ന് പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം കുറയുകയുമാണ് ചെയ്യുന്നത്. ഇതിനു പരിഹാരമുണ്ടാകണമെങ്കില്‍ സംസ്ഥാനതലത്തില്‍ പട്ടിക തയാറാക്കി ഓരോ താലൂക്കിലും ജനസംഖ്യാനുപാതികമായി മുന്‍ഗണനാപട്ടിക നിശ്ചയിക്കണം. മന്ത്രിസഭാ യോഗത്തിനു മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനാകൂ.
സംസ്ഥാനത്താകെയുള്ള 81 താലൂക്കുകളിലായി 83 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്. 2014 നവംബറിലാണ് പുതുക്കിയ റേഷന്‍ കാര്‍ഡ് പുറത്തിറക്കാനായി 19 കോടി രൂപയ്ക്ക് സി ഡിറ്റിന് കരാര്‍ നല്‍കിയത്. തൊട്ടടുത്ത മാസംതന്നെ പുതിയ കാര്‍ഡിനായുള്ള അപേക്ഷാഫോം വിതരണം ചെയ്തിരുന്നു. 2015 തുടക്കത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് അപേക്ഷകള്‍ ശേഖരിക്കുകയും ഫോട്ടോയെടുക്കല്‍ ക്യാംപ് നടത്തുകയും ചെയ്തു. പട്ടികയുടെ പ്രിന്റിങ് ജോലികള്‍ സിഡിറ്റിന്റെ കീഴില്‍ നടന്നുവരുന്നതിനിടയിലാണ് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നത്. കരട് ലിസ്റ്റില്‍ ആക്ഷേപമുള്ളവരുടെ പരാതി തീര്‍പ്പാക്കാനും കൂടുതല്‍ സമയം വേണ്ടിവരും. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ് ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി പരാതി പരിശോധിച്ചശേഷം ജില്ലാ സപ്ലൈ ഓഫിസര്‍, കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ ജില്ലാതല സമിതിയുടെയും പരിശോധനക്കുശേഷമേ പരാതിയില്‍ അന്തിമതീര്‍പ്പുണ്ടാകൂ. പുതുക്കല്‍ നടപടികള്‍ ഇഴയുന്നതിനാല്‍ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കാനാവാതെ ആയിരക്കണക്കിന് ആളുകള്‍ വലയുന്നുണ്ട്. വിവിധ സഹായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കാര്‍ഡ് വേണമെന്നിരിക്കെ പുതുക്കല്‍ പൂര്‍ത്തിയാവാതെ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല, ഭക്ഷ്യവകുപ്പ് പുതിയ റേഷന്‍കാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നുമില്ല. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി കാര്‍ഡ് പുതുക്കാത്തതിനാല്‍ 10 വയസുവരെയുള്ള കുട്ടികളില്‍ പലരുടെയും പേര് കാര്‍ഡിലില്ല. ഇത് സ്‌കൂളുകളിലെ ആനുകൂല്യങ്ങള്‍ തടയാനിടയാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."