കശ്മീര്‍ സംഘര്‍ഷം: യു.എന്‍ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ, തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതികരണം
ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യയും പാകിസ്താനും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വിശദമായ അന്വേഷണം നടത്താന്‍ കശ്മീര്‍ മേഖലയിലേക്ക് പൂര്‍ണമായി അനുമതി നല്‍കിയില്ലെന്നും മനുഷ്യാവകാശ കമ്മിഷണര്‍ പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ പരമാധിപത്യത്തെ ലംഘിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ അതിര്‍ത്തി അഭിമാനത്തിനും കോട്ടംപറ്റി. ജമ്മു കശ്മീര്‍ സംസ്ഥാനം പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണ്. ആക്രമണത്തിലൂടെ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഒരു ഭാഗം അധീനപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍. അധീനപ്പെടുത്തിയ അതിര്‍ത്തി വിട്ടുപോവാന്‍ ഞങ്ങള്‍ തുടരെത്തുടരെ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയെ തെറ്റായി വിശദീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും തെറ്റിദ്ധാരണാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
2016 ജൂലൈയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കശ്മീരില്‍ ആക്രമണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിന്റെ വ്യത്യസ്ത സാഹചര്യങ്ങള്‍ അറിയാന്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ഉദ്യോഗസ്ഥരെ കണ്ട് അഭിപ്രായം ചോദിച്ചു. മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സായിദ് റഅദ് അല്‍ ഹുസൈനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇരു രാജ്യങ്ങളോടും കശ്മീരിലേക്ക് അനുമതി ചോദിച്ചിരുന്നു. ഇന്ത്യ ആവശ്യം നിരാകരിച്ചു. തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തേക്ക് അനുമതി നല്‍കാമെന്ന് പാകിസ്താന്‍ പറഞ്ഞെങ്കിലും, അതുപോലെ ഇന്ത്യയും നല്‍കണമെന്ന വ്യവസ്ഥ മുമ്പോട്ടുവച്ചുവെന്നും സായിദ് പറഞ്ഞു.
അനുമതി നിഷേധിച്ചതിനാല്‍ കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. പൊതു ഡൊമൈനില്‍ ലഭ്യമായ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം ലഭിച്ച കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."