സഊദി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ ഗാര്‍ഹിക വിസയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അനിവാര്യ ഘട്ടത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാനാകുമെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിലവില്‍ ഗാര്‍ഹിക തൊഴിലിലുള്ളവര്‍ക്ക് മറ്റു ജോലികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധ്യമല്ല. എന്നാല്‍, വേതനം തടഞ്ഞുവയ്ക്കുന്നതടക്കമുള്ള നിയമ ലംഘനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ മന്ത്രാലയം അനുമതി നല്‍കിയത്.
തൊഴിലനുസരിച്ചുള്ള മാസ വേതനവും നല്‍കാതിരുന്നാല്‍ സ്‌പോണ്‍സറെ മാറാവുന്നതാണെന്നു മന്ത്രാലയം പറഞ്ഞു. തുടര്‍ച്ചയായോ ഇടവിട്ട മാസങ്ങളായോ മൂന്ന് മാസം ശമ്പളം നല്‍കിയില്ലെങ്കില്‍ സ്‌പോണ്‍സറെ ഒഴിവാക്കി മറ്റൊരു സ്‌പോണ്‍സറുടെ കീഴില്‍ തൊഴില്‍ ചെയ്യുന്നതിന് മന്ത്രാലയം അനുവദിക്കും. കൂടാതെ, ഗാര്‍ഹിക വിസയില്‍ സഊദിയിലെത്തുമ്പോള്‍ പ്രവേശന കവാടങ്ങളില്‍ പതിനഞ്ചു ദിവസമായിട്ടും സ്വീകരിക്കാന്‍ തൊഴിലുടമ വന്നിട്ടില്ലെങ്കിലും സ്‌പോണ്‍സറെ മാറ്റാം.
അഭയ കേന്ദ്രത്തിലെത്തിയാലും ഇതേ കാലയളവില്‍ സ്‌പോണ്‍സര്‍ എത്തിയില്ലെങ്കില്‍ മറ്റൊരാളുടെ കീഴിലേക്ക് മാറാന്‍ കഴിയും.
കൂടാതെ, തൊഴിലാളികളുടെ ഇഖാമ നല്‍കാതിരിക്കല്‍, യഥാസമയം പുതുക്കാതിരിക്കല്‍, മറ്റു വീടുകളില്‍ ജോലിയെടുപ്പിക്കല്‍, ആരോഗ്യത്തിനു ഭീഷണിയായ രീതിയില്‍ ജോലിയെടുപ്പിക്കല്‍, മോശമായി പെരുമാറുക, അന്യായമായി ഒളിച്ചോടിയതായി പരാതി നല്‍കുക, തൊഴിലുടമക്കെതിരേ നല്‍കിയ കേസ് അകാരണമായി നീണ്ടു പോകുക തുടങ്ങിയ ഘട്ടങ്ങളിലും സ്‌പോണ്‍സറെ ഒഴിവാക്കി മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍ മാറാന്‍ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."