HOME
DETAILS

കോളറക്കാലത്തെ പെരുന്നാള്‍

  
backup
June 14 2018 | 20:06 PM

kolarakkalathe-perumnal

ബാഫഖി തങ്ങളുടെ അംബാസിഡര്‍ കാറിന്റെ ഹോണ്‍വിളി മാര്‍ക്കറ്റ് മുക്കിലെത്തിയാലാണ് ഞങ്ങള്‍ കൊയിലാണ്ടിക്കാരുടെ പെരുന്നാള്‍ ഉറപ്പിക്കുക. കോഴിക്കോട്ടുനിന്ന് കൊപ്പരബസാറിലെ വ്യാപാരം കഴിഞ്ഞ് കൊയിലാണ്ടിയിലേക്ക് എല്ലാ ദിവസവും രാത്രി എത്തുന്നയാളാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. അന്നു മാസം കണ്ടോയെന്നറിയാന്‍ ഇന്നത്തെ പോലുള്ള സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അന്ന് കോഴിക്കോട് വലിയഖാസി മാസമുറപ്പിച്ചു കഴിഞ്ഞാല്‍ ആ വിവരവുമായി ബാഫഖി തങ്ങളാണ് എത്തുക. മാര്‍ക്കറ്റ് മുക്കിലെത്തിയാല്‍ പടിഞ്ഞാറുനിരത്തിലെ ജുമുഅത്ത് പള്ളിയിലെ ഖാസിയാരുടെ അടുത്തെത്തി ബാഫഖി തങ്ങള്‍ കോഴിക്കോട് ഖാസിയുടെ കത്ത് നല്‍കും. ഇതോടെ ഖാസിയാര്‍ മാസമുറപ്പിക്കുകയും ജുമുഅത്ത് പള്ളിയിലെ നഖാരം മുഴങ്ങുകയും ചെയ്യും. പിന്നെ തക്ബീര്‍ധ്വനികളില്‍ നാടെങ്ങും മുഴുകും. പെട്ടെന്നു മാസം കാണുന്ന ചെറിയ പെരുന്നാളിനാണു പ്രധാനമായും ഇത്തരത്തിലുള്ള രീതി പിന്തുടരുന്നത്. ഇതിനുശേഷമാണ് കൊയിലാണ്ടിയിലെ തൊട്ടടുത്തുള്ള മുഹ്‌യുദ്ദീന്‍ പള്ളിയിലെ ഖാസിക്കും വിവരം ലഭിച്ച് അവിടെയും മാസം ഉറപ്പിക്കുന്നത്.


സത്യത്തില്‍ പെരുന്നാള്‍, നോമ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഞാനറിയുന്നത് എന്റെ ഏഴാമത്തെ വയസിലാണ്. ബര്‍മയിലെ റങ്കൂണിലുള്ള മോണ്‍സ്റ്റേറ്റിലെ ബില്ല്യണ്‍ എന്ന താഴ്‌വാരത്തിലാണ് ഞാന്‍ ജനിച്ചത്. മോണ്‍സ്റ്റേറ്റ് പ്രധാനമായും ബുദ്ധമതക്കാരുടെ കേന്ദ്രമാണ്. അവരുടെ തീര്‍ഥാടനകേന്ദ്രവും ആരാധനകളും അടങ്ങുന്ന സ്ഥലമായിരുന്നു അത്. ഇവിടെയുള്ള ബുദ്ധമത തീര്‍ഥാടകര്‍ എത്തുന്ന പ്രത്യേക താഴ്‌വരയുണ്ട്. അവിടെയാണു വീടുണ്ടായിരുന്നത്. ആഴ്ചകള്‍തോറും ഒരുപാടു ചന്തകള്‍ നടക്കുന്ന ഒരു താഴ്‌വരയാണത്. ചന്തകളില്‍ പോയി വ്യാപാരം നടത്തുന്നയാളാണ് ഉപ്പ. ഉപ്പയുടെ ജ്യേഷ്ഠനും അവരുടെ കുടുംബവും അവിടെയുണ്ടായിരുന്നു. അവരെല്ലാവരും ചേര്‍ന്നു മലയാളി കുടുംബങ്ങളുടെ ഒത്തൊരുമയില്‍ പെരുന്നാളും നോമ്പുമെല്ലാം ആഘോഷിച്ചിട്ടുണ്ടാവാം.
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ആഘോഷത്തെ കുറിച്ചറിയുന്നത് ഏഴാം വയസിനുശേഷമാണ്. കൊയിലാണ്ടിയില്‍ സാധാരണ മുസ്‌ലിം വീടായ ഉസ്സാന്റകത്ത് തറവാട്ടില്‍ ഉപ്പയുടെ ഉമ്മയുടെ കൂടെ താമസം തുടങ്ങിയ ശേഷമാണ്. ജുമുഅത്ത് പള്ളി പരിസരത്താണ് ഈ തറവാട് സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അന്നുമുതല്‍ ജുമുഅത്ത് പള്ളിയിലെ ആഘോഷങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍. കൊയിലാണ്ടി കടപ്പുറത്ത് ശവ്വാല്‍ മാസം കാണാന്‍ വേണ്ടി ജുമുഅത്ത് പള്ളി ഖാസിയുടെ നേതൃത്വത്തില്‍ ഒരുപറ്റം ആളുകള്‍ പോവുമായിരുന്നു. പോവുന്നവരെല്ലാം നോമ്പ് തുറക്കാനുള്ള കാരക്കയും വെള്ളവും കൈയില്‍ കരുതും. ഞങ്ങള്‍ കുട്ടികളും അവരോടൊപ്പം പോവുമായിരുന്നു. അന്നാണു ചന്ദ്രപ്പിറവി ആകാശത്ത് കണ്ടാലാണു മാസമുറപ്പിക്കുക എന്ന കാര്യം എനിക്കു മനസിലായത്. ചന്ദ്രക്കല കണ്ടാല്‍ ഉടനെ ഖാസിയാര്‍ മാസം അവിടുന്നുതന്നെ ഉറപ്പിക്കും. ശേഷം പള്ളിയിലേക്കു വന്നു ചൂടാക്കിവച്ച നഖാരം മുഴക്കും. ഇങ്ങനെയല്ലാത്ത അവസരത്തിലാണ് ബാഫഖി തങ്ങളുടെ കാറിന്റെ ഹോണ്‍ മുഴക്കത്തിനായി ഞങ്ങള്‍ കാത്തിരിക്കുക. മിക്കവാറും മാസം കാണാത്ത അവസരങ്ങളാണ് ഉണ്ടാവുക.


പെരുന്നാള്‍ ഉറപ്പിക്കാനാണെങ്കില്‍ നാട്ടിലെ കച്ചവടക്കാര്‍, പ്രമാണിമാര്‍, കശാപ്പുകാര്‍, തുണിപ്പീടകയുടെ ഉടമസ്ഥര്‍ ഇവരൊക്കെ ജുമുഅത്ത് പള്ളിപ്പരിസരത്ത് കാത്തുനില്‍ക്കും. ഖാസി മാസം ഉറപ്പിച്ചാലാണ് അവരുടെ പെരുന്നാള്‍ കച്ചവടം നടക്കുക. പ്രത്യേകിച്ച് കശാപ്പുകാരാണ് ഇതില്‍ ഏറ്റവും ആവേശം കാണിക്കുന്നവര്‍. മൂരിയെയും ആടിനെയും മാസം ഉറപ്പിച്ചതിനുശേഷം മാത്രമേ അറുക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാലാണിത്. ഈ സമയത്ത് ഞങ്ങള്‍ കുട്ടികളെല്ലാം ഇഞ്ചിപ്പപ്പനിക്കയുടെ ചുറ്റും കൂടിനില്‍ക്കും. മാസം ഖാസി ഉറപ്പിച്ചാല്‍ പള്ളിയിലെ നഖാരം മുഴക്കുന്നതിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. കൊല്ലത്തില്‍ രണ്ടു പ്രാവശ്യമാണു നഖാരം മുഴക്കുക. അതിനാല്‍ തന്നെ അതു കാണാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രത്യേക ആകാംക്ഷയാണ്.
അക്കാലത്ത് നോമ്പ് ഇരുപത്തേഴിന്റെ അന്ന് കൊയിലാണ്ടിയിലുള്ള ധനികവീടുകളുടെ പടിപ്പുരക്കല്‍ ഉന്തും തള്ളും ഉണ്ടാവും. അന്ന് അവിടെയുണ്ടായിരുന്ന അഞ്ചു ധനികവീടുകളില്‍ നോമ്പ് ഇരുപ്പത്തേഴിനാണ് സക്കാത് കൊടുക്കുക. ആ വീടിന്റെ പടിപ്പുരക്കലാണു പ്രധാനമായും ഉന്തും തള്ളും ഉണ്ടാവുന്നത്. നോമ്പ് 26നു രാത്രിയും ഇരുപത്തേഴിനു പകലും തുടങ്ങിയ ഈ പടിപ്പുരക്കലെ തിരക്ക് ഏതാണ്ട് പെരുന്നാള്‍രാവുവരെ തുടരും. മാസമുറപ്പിച്ചു കഴിഞ്ഞാല്‍ ഫിത്ര്‍ സക്കാത്ത് വാങ്ങാന്‍ വേണ്ടി കൊട്ടയും വട്ടിയുമൊക്കെയായി ജുമുഅത്തു പള്ളി പരിസരത്ത് കാച്ചിയും കുപ്പായവുമിട്ട പെണ്ണുങ്ങള്‍ വന്നുനില്‍ക്കും. ഖാസി ശവ്വാല്‍ മാസമുറപ്പിച്ചു നഖാരം മുട്ടിയതുമുതല്‍ നേരം പുലരുന്നതുവരെ മുസ്‌ലിം പെണ്ണുങ്ങള്‍ ഫിത്ര്‍ സക്കാത്തിനുവേണ്ടി വീടുവീടാന്തരം കയറിയിറങ്ങുന്നതു കാണാം. സകാത്ത് കൊടുക്കാന്‍ നിയുക്തരായ വീട്ടുകാര്‍ അവര്‍ കൊടുക്കേണ്ട അരി വീടിന്റെ കോലായയില്‍ പാകത്തില്‍ അളന്നുവയ്ക്കും. ഫിത്‌റ് വാരുക എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ചൂട്ടും കത്തിച്ചാണ് ഇടവഴികള്‍ തോറും ഇവര്‍ സഞ്ചരിക്കുക. സകാത്തിനായെത്തുന്ന പെണ്ണുങ്ങളുടെ വരവോടെയാണു പലവീടുകളിലെയും പെരുന്നാള്‍രാവ് സജീവമാവുക.


പെണ്ണുങ്ങള്‍ കയറിവരുമ്പോള്‍ കൊടുക്കാനുള്ള ഫിത്‌റ് സക്കാത്തിന്റെ അരി ഉമ്മാമ വീടിന്റെ കോലായില്‍ റെഡിയാക്കി വച്ചിട്ടുണ്ടാവും. എന്നിട്ടു വരുന്ന പെണ്ണുങ്ങള്‍ക്ക് ഇരുകൈകള്‍കൊണ്ടും വാരി അവരുടെ സഞ്ചിയില്‍ നിക്ഷേപിച്ചുകൊടുക്കും. വീട്ടിലെ എല്ലാം അംഗങ്ങളും അതുപോലെ അരി ഇടും. അക്കൂട്ടത്തില്‍ ഉമ്മാമ എന്നെക്കൊണ്ടും ഇടീക്കും. വന്നുനില്‍ക്കുന്ന സ്ത്രീകള്‍ ആരെന്നോ എന്തെന്നോ എന്നൊന്നും നോക്കാതെ അവരുടെ കൈകളിലെ തുണിസഞ്ചിയില്‍ ചെറിയ പോങ്ങ അരി ഞാനും ഇടും. അപ്പോള്‍ ഞാന്‍ ഫിതറ് സക്കാത്തിന്റെ അരി കൊടുത്തൂന്ന് ആയി.
പെരുന്നാള്‍രാവിന്റെ അന്ന് മാസമുറപ്പിച്ചു കഴിഞ്ഞാല്‍ എല്ലാ വീട്ടിലും ചീരണി ഉണ്ടാക്കും. മൂപ്പെത്താത്ത നേന്ത്രക്കായ അരച്ചുണ്ടാക്കുന്ന ഉന്നക്കാ യയായിരുന്നു ചീരണിയിലെ പ്രധാന വിഭവം. കൊയിലാണ്ടിയില്‍ ഭാര്യവീട് സമ്പ്രദായമാണ്. അതിനാല്‍ പെരുന്നാള്‍രാവിന്റെ അന്നു പുതിയാപ്പിളമാര്‍ ഭാര്യവീട്ടിലേക്കു വരും. അവര്‍ക്കു വേണ്ടിയാണു ചീരണി ഉണ്ടാക്കുന്നത്. അലീസയും പുതിയാപ്പിളക്കുള്ള ചീരണികളിലെ പ്രധാന വിഭവമാണ്. സാനില്‍ വിളമ്പുന്ന അലീസയുടെ നടുഭാഗത്തു കുഴിയുണ്ടാക്കി നെയ്യ് ഒഴിക്കും. ഇതില്‍ ഞങ്ങള്‍ കുട്ടികള്‍ ഒരു ഭാഗത്തേക്കു വിരല്‍കൊണ്ട് വരക്കും. അപ്പോള്‍ നെയ് മുഴുവന്‍ പോയ ഭാഗത്തുള്ളവന്‍ പറയും ഇത് കോഴിക്കോട്ടേക്കുള്ള വഴി. അപ്പോഴേക്കും അപ്പുറത്ത് മറ്റൊരുത്തന്‍ വര വരച്ച് ഇതു തലശ്ശേരിക്കുള്ള വഴി എന്നു പറഞ്ഞു കളിക്കും. അലീസയില്‍ റോഡ് വരക്കുന്ന ഏര്‍പ്പാട് ഇന്നും പെരുന്നാള്‍ രാവിന്റെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്.


പെരുന്നാളിന്റെ അന്ന് പുതിയാപ്പിളമാര്‍ കുളിച്ചൊരുങ്ങി ഭാര്യവീട്ടില്‍നിന്നു പള്ളിയില്‍ പോവുന്നതായിരുന്നു പതിവുരീതി. കൊയിലാണ്ടിയെ രണ്ട് ഭാഗമായാണു തിരിച്ചിരുന്നത്. ജുമുഅത്തുപള്ളി ഭാഗവും മൊയ്തീന്‍പള്ളി ഭാഗവും. എന്റെ ഉപ്പാന്റെ വീട് ജുമുഅത്തുപള്ളി ഭാഗത്താണ്. പക്ഷെ ഉപ്പാന്റെ ഭാര്യവീട്, അതായത് എന്റെ എളാമയുടെ വീട് മൊയ്തീന്‍പള്ളി ഭാഗത്താണ്്. അതുകൊണ്ടു തന്നെ ഉപ്പ പെരുന്നാള്‍ നിസ്‌കാരത്തിനു കൂടുക മൊയ്തീന്‍പള്ളിയിലാണ്. പുതിയാപ്പിളമാര്‍ തെക്കുംപുറവും അടിച്ചുപോവുക എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്.
പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ ഖത്തീബിന്റെ നേതൃത്വത്തില്‍ പള്ളിയിലുള്ള മുഴുവന്‍ അംഗങ്ങളും കൊയിലാണ്ടിയിലും പരിസരത്തുമുള്ള മഖാമുകള്‍ സിയാറത്ത് ചെയ്യും. ആദ്യം താഴങ്ങാടി മഖാമില്‍ പോയി അവിടുന്ന് ദുആ ചെയ്യും. പിന്നെ ടിപ്പുവിന്റെ താഴങ്ങാടി മഖാം സന്ദര്‍ശിച്ചതിനുശേഷം വലിയകത്ത് കടപ്പുറത്തെ കുഞ്ഞിസീതിക്കോയ തങ്ങളുടെ ജാറത്തിനിപ്പുറത്ത് ജുമുഅത്തുപള്ളിക്കാര്‍ക്കായി ഒരു മുസാഫിര്‍ഖാനയുണ്ട്. അവിടെയെത്തും എല്ലാവരും. പിന്നീട് കടപ്പുറത്തെ ഹൈദ്രൂസ് പള്ളി മഖാമിലേക്കു പോവും. ഇവിടെനിന്ന് ഓരോരുത്തരും അവരവരുടെ ഭാര്യവീട്ടിലേക്കു പോവും.


പെരുന്നാള്‍ വിഭവം നെയ്‌ച്ചോറാണ്. നാടന്‍കോഴി മുഴുക്കെ നിറച്ചത് ഇതിലെ പ്രധാനവിഭവമാണ്. അത് സാനില്‍ നെയ്‌ച്ചോറ് വിളമ്പിയതിന്റെ മേലെ വയ്ക്കും. എന്നിട്ടു ചുറ്റും വീട്ടിലെ എല്ലാവരും കൂടിയിരുന്നാണു കഴിക്കുക. അതുപോലെ ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ മാസറകളിലും ഇതുതന്നെ വിളമ്പാറുണ്ട്. ഓരോ സാനിലും ഓരോ കോഴിനിറച്ചത് ഉണ്ടാവും. പരിപ്പും മുട്ടയുമൊക്കെ ഇട്ടാണ് കോഴി നിറക്കുക. ഈ കോഴി നിറച്ചത് മുതിര്‍ന്നവര്‍ ഞങ്ങള്‍ക്കു പിച്ചിത്തരും. പുതിയാപ്പിളമാരും കുട്ടികളും അംഗങ്ങളും ഒന്നിച്ചിരുന്നാണു കഴിക്കുക.
ഇതിനുശേഷമാണു പുതിയാപ്പിളമാര്‍ വീട്ടിലെ അംഗങ്ങള്‍ക്കു പടക്കപ്പൈസ കൊടുക്കുക. കൊയിലാണ്ടിയില്‍ വെടിമരുന്ന് കച്ചവടം പൊടിപൊടിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് കുട്ടികള്‍ക്കു പടക്കം പൊട്ടിക്കാനുള്ള ചില്ലറ നാണയങ്ങള്‍ പുതിയാപ്പിളമാര്‍ നല്‍കും. അതുപോലെ തന്നെ കോഴിക്കോട്ടങ്ങാടീലെ മധുരപലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവരണം. കോഴിക്കോടന്‍ ഹലുവ, കോഴിക്കോടന്‍ വറുത്തകായ് എന്നിവയായിരുന്നു ഇതില്‍ പ്രധാനം. പലഹാരത്തിന്റെ കെട്ടുവലിപ്പം അനുസരിച്ചായിരുന്നു ഓരോ പുതിയാപ്പിളമാരുടെയും പ്രമാണിത്തരം ഭാര്യവീട്ടുകാര്‍ അളക്കുക. ആ പലഹാരങ്ങളെല്ലാം വീട്ടില്‍ വിതരണം ചെയ്യുന്നതും പതിവാണ്. വലിയകെട്ടാണു കൊണ്ടുവന്നതെങ്കില്‍ പുതിയാപ്പിളന്റെ കോള് കാര്യമായ കോളാണെന്നാണ് അടക്കം പറയുക. ഇതോടൊപ്പം ഭാര്യക്കുള്ള കോളും അറയിലേക്കു പുതിയാപ്പിള കൊണ്ടുപോവും.


ഉമ്മാമ്മയുടെ മരണശേഷം 12-ാം വയസുമുതല്‍ ഞാന്‍ എളേമ്മയുടെ അമേത്ത് വീട്ടിലാണു താമസിച്ചത്. എളേമ്മയുടെ വീട് എന്റെ ഉപ്പാന്റെ ഭാര്യവീടാണ്. തറവാട്ടിലെ പുതിയാപ്പിളന്റെ വക പടക്കപ്പൈസയല്ലാതെ നാലണയും എട്ടണയും സകാത്ത് കൊടുക്കും. എനിക്ക് അധികവും നാലണയാണു കിട്ടാറുള്ളത്. അന്ന് കോഴിക്കോട്ട് ഇരുമ്പ് കച്ചവടക്കാരനാണ് എളേമ്മയുടെ എളാപ്പ. അയാള്‍ കൊയിലാണ്ടിയില്‍ പെരുന്നാളിന്റെ അന്നു വരും. എന്നിട്ടു തറവാട്ടിലുള്ള എല്ലാ കുട്ടികളെയും വിളിച്ച് സകാത്ത് പൈസ കൊടുക്കും. പക്ഷെ ഞാന്‍ ആ വീട്ടുകാരനല്ലാത്തതിനാല്‍ എന്നെ വിളിക്കുകയും ഇല്ല, സകാത്ത് തരികയും ഇല്ല. ഇതെന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാര്യമാണ്. എന്നാല്‍ എളാമ അതു പരിഹരിക്കും. എളാമ്മക്കു കിട്ടിയ വിഹിതത്തില്‍നിന്നോ എളാമ്മയുടെ മകനു കിട്ടിയ വിഹിതത്തില്‍നിന്നോ കുറച്ചെടുത്ത് എനിക്കു തരും. കൂടാതെ വലിയങ്ങാടിയില്‍ കച്ചവടം ചെയ്യുന്ന ചിലര്‍ അമേത്ത് തറവാട്ടിലെത്തിയാലും കുട്ടികള്‍ക്കു കൈമടക്കായി കിശി കൊടുക്കും. തറവാട്ടിലെ കുട്ടിയല്ലാത്തതിനാല്‍ എന്റെ പേര് അയാളും വിളിക്കില്ല. ഞാന്‍ വന്നുകൂടിയവനായതിനാലാണ് ആയൊരു വേര്‍തിരിവ്. എന്നാല്‍ എളാമ്മ അത് സമര്‍ഥമായി പരിഹരിക്കും. പക്ഷെ അത് ഇന്നും എന്റെ പെരുന്നാളോര്‍മകളിലെ വേദനിപ്പിക്കുന്ന ചില മുഹൂര്‍ത്തങ്ങളാണ്.


1942ല്‍ ഒരു നോമ്പുകാലത്തായിരുന്നു മഹാമാരിയും കോളറയും പടര്‍ന്നുപിടിച്ചത്. അന്നു നാട്ടിലൊക്കെ വളരെ ഭീതിതമായിരുന്നു അന്തരീക്ഷം. വസൂരിയെയും കോളറയെയും മാരിക്കുരിപ്പ് എന്നാണു വിശേഷിപ്പിച്ചിരുന്നത്. കോളറ ഒരു വീട്ടില്‍ കയറിയാല്‍ ആ വീട്ടിലെ മുഴുവന്‍ അംഗങ്ങളെയും കൊണ്ടുപോവും എന്നുള്ളതാണു പേടി. ഇങ്ങനെയുള്ള ഭീതിയുള്ള അന്തരീക്ഷത്തില്‍ മുസ്‌ലിം ചെറുപ്പക്കാരുടെ സംഘടന നാഷനല്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ വീടുവീടാന്തരം ആളുകളെ ബോധവാന്മാരാക്കാന്‍ കയറിയിറങ്ങിയിരുന്നു. സര്‍ക്കാരിന്റെ കുത്തിവയ്പ് നടത്തണം, സര്‍ക്കാര്‍വക ചികിത്സാസമ്പ്രദായത്തിനു വിധേയരാവണം എന്നൊക്കെയാണു ബോധവല്‍ക്കരണത്തിലൂടെ നാട്ടുകാരെ അവര്‍ ബോധ്യപ്പെടുത്തിയിരുന്നത്. കാരണം ഇത് ഇബ്‌ലീസ് കൊണ്ടുവരുന്ന അസുഖമാണെന്നായിരുന്നു അന്നുള്ളവര്‍ ചിന്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോവാതെയും കുത്തിവയ്‌പ്പെടുക്കാതെയും നിന്നു.
സി.എച്ച് മുഹമ്മദ് കോയയായിരുന്നു ബോധവല്‍ക്കരണത്തിനു നേതൃത്വം നല്‍കിയ അന്നത്തെ യുവാക്കളില്‍ പ്രധാനി. അദ്ദേഹത്തിന്റെ സാന്നിധ്യം ഇപ്പോഴും ഞാനോര്‍ക്കുന്നു. അന്നത്തെ റമദാന്‍ കാലം അതിദുരിതം നിറഞ്ഞതായിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്തെ റിലീഫ് സംവിധാനങ്ങള്‍ക്കു വലിയ ഉത്തരവാദിത്തമായിരുന്നു. കൂടാതെ അജ്ഞതയുടെ താഴ്‌വാരം എന്നതു പോലെ അവിടെ ഇതൊന്നും ഏശാറില്ല. മാരിക്കുരിപ്പ് മാറാനായി പള്ളിയില്‍ ഖതീബിന്റെ നേതൃത്വത്തില്‍ രാത്രിപാതിരായ്ക്ക് ബൈത്ത് ചൊല്ലി ആളുകള്‍ മൂരിയെയും തെളിച്ച് നടക്കും. പിശാചിനെ ആട്ടിയോടിക്കുന്ന ഒരു സമ്പ്രദായമായിരുന്ന അത്. ഇശാഅ് നിസ്‌കാരത്തിനുശേഷമാണിതു ചെയ്യാറ്. പതിനഞ്ചു ദിവസത്തിനുശേഷം തെളിച്ചുകൊണ്ടുപോയ മൂരിയെ അറുത്തു ചോറു വച്ചു വിതരണം ചെയ്യും. ഇതായിരുന്നു അന്നത്തെ മഹാമാരിയുടെ ചികിത്സാ രീതി. എന്നാല്‍ ഇങ്ങനെയുള്ള ദുരിതങ്ങള്‍ക്കിടയിലും കൊയിലാണ്ടിയില്‍ നല്ലൊരു പെരുന്നാള്‍ കാലമുണ്ടായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago