ഷഹന്‍ ഒപ്പിയെടുത്ത ഇന്ത്യയെ ഒരാഴ്ച കൂടി കാണാം
കോഴിക്കോട്: സൗത്ത് ബീച്ചിനടുത്ത് ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആര്‍ട്ട് ഗാലറിയില്‍ ഇന്ത്യയുടെ വൈവിധ്യങ്ങളെ കാമറയിലേക്ക് ഒപ്പിയെടുത്ത ഷഹന്‍ സമദിന്റെ ഫോട്ടോപ്രദര്‍ശനം ഒരാഴ്ച കൂടി കാണാം. 24 ന് അവസാനിക്കേണ്ടിയിരുന്ന പ്രദര്‍ശനം മാര്‍ച്ച് മൂന്ന് വരെ തുടരും.
ഇരുപത്തിമൂന്നുകാരനായ ഷഹന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി തന്റെ കാമറയുമായി സാഹസികമായി നടത്തിയ ചെറുതും വലുതുമായ നിരവധി യാത്രകളിലൂടെ പകര്‍ത്തിയ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന ഫോട്ടോ പ്രദര്‍ശനമാണ് നടക്കുന്നത്.
വൈവിധ്യമാര്‍ന്ന ഉത്സവങ്ങള്‍, സാമൂഹിക ആചാരങ്ങള്‍, വിഭിന്ന ജനവിഭാഗങ്ങള്‍, ശാസ്ത്ര പ്രതിഭാസങ്ങള്‍, പ്രകൃതിയിലെ നിറങ്ങള്‍, പൈതൃക സ്മാരകങ്ങള്‍, നാഗരിക ഗ്രാമീണ ജീവിതങ്ങള്‍ തുടങ്ങി ലക്ഷക്കണക്കിന് ഫ്രെയിമുകളില്‍ നിന്നും തിരെഞ്ഞെടുത്ത അറുപത് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂരിലെ തെയ്യം, മധുരയിലെ വിധവകളുടെ ഹോളി, കാശ്മീരിലെ അര്‍ധ വിധവകള്‍, ചിറാപുഞ്ചിയിലെ തൊഴിലാളികള്‍, ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ ഉപ്പു പാടങ്ങളിലെ തൊഴിലിടങ്ങള്‍, വിവിധ ഭൂപ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തമിഴ്‌നാട്ടിലെ കൂവത്ത് നടക്കുന്ന ഹിജഡകളുടെ ഉത്സവം, ഡല്‍ഹിയിലെ ഈദ് ആഘോഷങ്ങള്‍ തുടങ്ങി ഇന്ത്യയുടെ തെക്ക് മുതല്‍ വടക്ക് വരെയുള്ള വൈവിധ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."