ഏമാന്റെ വീട്ടില്‍ അടിമപ്പണി; പരാതി പറഞ്ഞ പൊലിസുകാരനെ
തിരുവനന്തപുരം: ഏമാന്റെ ഭാര്യയും മകളും തെറിവിളിക്കുന്നത് പരാതിപ്പെട്ടതിന് എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനമേറ്റ് പൊലിസ് ഡ്രൈവര്‍ ആശുപത്രിയില്‍.
ബറ്റാലിയന്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ തല്ലു കൊണ്ട അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്‌കറെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവാസ്‌കര്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേ മ്യൂസിയം പൊലിസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരേ എ.ഡി.ജി.പിയോട് ഗവാസ്‌കര്‍ നേരിട്ടു പരാതി പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ പ്രഭാത സവാരിക്കായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ കൊണ്ടുവരുമ്പോള്‍ കാറിലിരുന്ന് ഇരുവരും തെറി വിളിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കനകക്കുന്നില്‍ വച്ചും തിരിച്ചുവരുമ്പേഴും അസഭ്യം പറയുന്നത് തുടര്‍ന്നു. ഇതിനെ എതിര്‍ത്ത ഗവാസ്‌കര്‍ ഇനിയും അസഭ്യം തുടര്‍ന്നാല്‍ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം സൈഡിലേക്ക് ഒതുക്കി നിറുത്തി. ഇതില്‍ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുകയും ഗവാസ്‌ക്കറെ മൊബൈല്‍ ഫോണ്‍ കൊണ്ട് കഴുത്തിന് താഴെ ഇടിക്കുകയും ചെയ്തുവെന്നാണ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.പരാതിയെപ്പറ്റി വിശദീകരണം തേടിയെങ്കിലും എ.ഡി.ജി.പി പ്രതികരിക്കാന്‍ തയാറായില്ല.
ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്‌സ് നേരിടുന്ന പീഡനത്തിന് ഉദാഹരണമാണിതെന്ന് പൊലിസ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ക്യാംപ് ഫോളോവേഴ്‌സ് നേരിടുന്ന പീഡനങ്ങളെ കുറിച്ച് ലഭിച്ച പരാതിയില്‍ നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഐ.പി.എസുകാരുടെ വീടുകളിലാണ് പൊലിസുകാര്‍ അധികവും പീഡനത്തിന് ഇരയാകുന്നത്. അന്യസംസ്ഥാനക്കാരായ ഐ.പി.എസുകാരുടെ വീടുകളില്‍ ഡ്യൂട്ടിക്കുള്ള പൊലിസുകാര്‍ അടിമകളെക്കാളും ദുരിതത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പരാതി പറഞ്ഞാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നതിനാല്‍ സഹിച്ചു കഴിയുകയാണ് ചെയ്യുന്നതെന്ന് പൊലിസുകാര്‍ തന്നെ പറയുന്നു. അതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."