നെല്‍വയലുകള്‍ കുത്തകകള്‍ക്ക് തീറെഴുതാന്‍ നീക്കമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കുത്തകകള്‍ക്കും ഭൂമാഫിയക്കും തീറെഴുതാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തുന്നതെന്ന് പ്രതിപക്ഷം. 2008ലെ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമത്തിന്റെ അന്തഃസത്ത മുഴുവന്‍ ഊറ്റിക്കളയുന്നതാണ് അതില്‍ വരുത്തുന്ന ഭേദഗതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഭേദഗതി ബില്‍ പരിഗണിക്കുന്ന സബ്ജക്ട് കമ്മിറ്റി അംഗം അടൂര്‍ പ്രകാശും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനത്തെ നെല്‍വയലുകള്‍ യഥേഷ്ടം നികത്താനുള്ള കുറുക്കുവഴിയാണ് ഈ ഭേദഗതിയെന്ന് ചെന്നിത്തല പറഞ്ഞു. 2008ലെ നിയമത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയാനായി കൃഷി ഓഫിസര്‍, തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ പ്രതിനിധികള്‍, നെല്‍കര്‍ഷകരുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രാദേശികതല നിരീക്ഷണ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് ഈ സമിതിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം 2008ലെ നിയമത്തില്‍ ഉണ്ടണ്ടായിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നേരത്തെ ഇത്തരം സമിതിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയില്‍ ഇത്തരം സമിതികളെ വെറും റിപ്പോര്‍ട്ടിങ് ഏജന്‍സികളാക്കി മാറ്റി.
പൊതു ആവശ്യങ്ങള്‍ എന്ന പേരില്‍ ഒരു നിബന്ധനയും കൂടാതെ നെല്‍വയലുകള്‍ മുതലാളിമാര്‍ക്ക് പതിച്ചു നല്‍കാനുള്ള നീക്കവും ഭേദഗതിയിലുണ്ട്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച 2008ലെ നിയമത്തിന്റെ പല്ലും നഖവും മാത്രമല്ല നട്ടെല്ലും ഊരിയാണ് പിണറായി സര്‍ക്കാര്‍ പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെ എതിര്‍ക്കുന്നു എന്ന് സി.പി.ഐ പറയുന്നത് കാപട്യമാണ്. പറയുന്ന നിലപാടില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭേദഗതി ബില്‍ പിന്‍വലിക്കാന്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
സബ്ജക്ട് കമ്മിറ്റിയില്‍ ബില്ലിന്‍മേല്‍ വ്യക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്നും കമ്മിറ്റി യോഗങ്ങള്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചുകൊണ്ടിരിക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ ഇന്ന് സന്ദര്‍ശിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഈ പ്രദേശങ്ങളില്‍ അടിയന്തര സഹായമെത്തിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പട്ടു. ഉരുള്‍ പൊട്ടല്‍ മേഖലയില്‍ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ ചെന്നിത്തല വാര്‍ത്താസമ്മേളനത്തിനു ശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ദുരന്തനിവാരണ സേനയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് അതൃപ്തി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."