കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത് കര്‍ഷക പ്രക്ഷോഭം ഭയന്ന്: മന്ത്രി
പുതുക്കാട്: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറാവാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത് കര്‍ഷക പ്രക്ഷോഭം ഭയന്നെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.
സി.പി.ഐയുടെ സി. അച്യുതമേനോന്‍ ഭവന പദ്ധതിയില്‍ പുതുക്കാട് മണ്ഡലത്തില്‍ പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രമന്ത്രിസഭയുടെ അവസാന നാളുകളില്‍ പ്രഖ്യാപിച്ച പി.എം കിസാന്‍ സമ്മാന്‍ നിധി പദ്ധതി മരിക്കുന്നതിനു മുന്‍പ് ഒരുതുള്ളി വെള്ളം നല്‍കുന്നതു പോലെയാണ്. സംസ്ഥാന സര്‍ക്കാരോ കൃഷി വകുപ്പോ അറിയാതെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതി ഉദ്ഘാടനം ചെയ്തതായി വാര്‍ത്ത കണ്ടു. കേന്ദ്ര മന്ത്രിയുടെ നടപടി രാഷ്ട്രീയ അല്‍പത്തരമാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഈ പദ്ധതി സ്വപ്നം കാണും മുന്‍പേ കര്‍ഷകര്‍ക്ക് പ്രതിമാസം 1200 രൂപ കേരള സര്‍ക്കാര്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജി മോഹനന്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, എ.എന്‍ രാജന്‍, വി.എസ് പ്രിന്‍സ്, കെ.എം ചന്ദ്രന്‍, പി.കെ ശേഖരന്‍, പി.കെ കണ്ണന്‍, കെ.എസ് തങ്കപ്പന്‍, പി.എം നിക്‌സന്‍, ജയന്തി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."