ലോക്ക് ഡൗണ്‍ നീട്ടാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍
ലക്‌നൗ: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുഇടങ്ങളിലെ ഒത്തുകൂടലുകള്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റമദാന്‍ ദിനങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പ്രാര്‍ഥന നടത്താനും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ എടുക്കും. സംസ്ഥാനത്ത് കൊവിഡ് നേരിടാന്‍ രൂപീകരിച്ച 11 കമ്മിറ്റികളുടെ ചെയര്‍മാന്മാരുമായുള്ള യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ തീരുമാനമെടുത്തത്.
റമദാന്‍ മാസം തുടങ്ങിയിരിക്കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീട്ടില്‍ തുടരാനും നിസ്‌കരിക്കാനുമാണ് എല്ലാ മതനേതാക്കളും അഭ്യര്‍ഥിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന് കാരണമാവുന്ന തരത്തില്‍ ഒരു പരിപാടികളും എവിടെയും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരില്‍ കൂടുതലും തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെന്നും തബ്‌ലീഗിലെ കൂടുതല്‍ അംഗങ്ങളെ കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്യണമെന്നും ആദിത്യനാഥിന്റെ ഓഫിസ് അറിയിച്ചു.ഉത്തര്‍പ്രദേശില്‍ 1,604 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലോക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് ഈ ഇളവുകള്‍ നല്‍കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. കൊവിഡ് ഹോട്ട് സ്‌പോട്ടുകളുള്ള പ്രദേശങ്ങളിലും കണ്ടെയിന്‍മെന്റ് സോണുകളിലും ഈ ഇളവുകള്‍ ഉണ്ടായിരിക്കില്ല. യു.പി ഇത്തരം ഹോട്ട് സ്‌പോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനമാണ്.
അതിനിടെ, ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് വെള്ളിയാഴ്ച യോഗി വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമ്പത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും യോഗി അറിയിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ള നാലുലക്ഷം തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരാനായി ആയിരം ബസുകള്‍ യു.പി സര്‍ക്കാര്‍ അയച്ചിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ 300 ബസുകളും അയച്ചിരുന്നു.
അതേസമയം, കൊവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടാനുള്ള തയാറെടുപ്പിലാണ് വിവിധ സംസ്ഥാനങ്ങള്‍. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു മുന്‍പ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് അസമും ഡല്‍ഹിയും വ്യക്തമാക്കിയിട്ടുണ്ട്. അസം തിങ്കളാഴ്ച സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. രോഗം സാരമായി ബാധിച്ച മഹാരാഷ്ട്രയും ഇതേ പാതയിലാണ്. മെയ് മൂന്നിന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും മുംബൈയിലും പൂനെയിലും മെയ് 18 വരെയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."