സമ്പൂര്‍ണ ആണവ നിരായുധീകരണംവരെ ഉപരോധം തുടരുമെന്ന് യു.എസ്
സിയൂള്‍: ഉത്തരകൊറിയ സമ്പൂര്‍ണമായി ആണവ നിരായുധീകരണം നടത്തുന്നതുവരെ ഉപരോധം തുടരുമെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. സിയൂളില്‍ ദക്ഷിണകൊറിയ, ജപ്പാന്‍ പ്രതിനിധികളോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന് ഉച്ചകോടിക്കിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. പൂര്‍ണമായ ആണവ നിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യം.
ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിരവധി വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യു.എസ്, ജപ്പാന്‍, ദ.കൊറിയ ഉള്‍പ്പെടെയുള്ള ലോകത്തിലെ മുഴുവന്‍ ജനതക്കും ആവശ്യം സമ്പൂര്‍ണ ആണവ നിരായുധീകരണമാണ്. ആണവ യുദ്ധ ഭീഷണിയില്‍ നിന്ന് ലോകത്തെ രക്ഷിക്കേണ്ടത് ആവശ്യമണ്. ആണവ നിരായുധീകരണം ഉ.കൊറിയ സമ്മതിച്ചതാണ്. പക്ഷെ ഇതിന്റെ വഴികള്‍ എളുപ്പമുള്ളതല്ല.
ആണവായുധം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത കിം ജോങ് ഉന്‍ മനസിലാക്കിയിട്ടുണ്ട്. ഉ.കൊറിയക്കെതിരേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ മാറ്റംവരുത്തണമെങ്കില്‍ പൂര്‍ണമായി നിരായുധീകരണം ആവശ്യമാണെന്ന് മൈക് പോംപിയോ ഊന്നിപറഞ്ഞു .
സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് യു.എസ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. ഉച്ചകോടിയെ തുടര്‍ന്ന് ഉത്തരകൊറിയക്കെതിരേയുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ്‌യതിരുന്നു. സിംഗപ്പൂരിലെ ഉച്ചകോടിക്ക് ശേഷം മൈക് പോംപിയോ ദ.കൊറിയയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ഉത്തരകൊറിയയുടെ ആണവ ഭീഷണി ഇനിയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ നടന്ന ഉച്ചകോടി കഴിഞ്ഞ് അമേരിക്കയിലെത്തിയ ഉടനെ ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ദീര്‍ഘമായ യാത്ര കഴിഞ്ഞ് ഇപ്പോള്‍ എത്തിച്ചേര്‍ന്നു. പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം ഏറ്റവും സുരക്ഷിതത്വം ഇപ്പോള്‍ അനുഭവപ്പെടുന്നു. ഉത്തരകൊറിയയുടെ ആണവ ഭീഷണി ഇനിയുണ്ടാവില്ല. കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതും നല്ല അനുഭവവുമായിരുന്നു.
ഭാവിയെ സംബന്ധിച്ച് ഉത്തരകൊറിയക്ക് കൃത്യമായ ധാരണയുണ്ട്. അവരുമായി തങ്ങള്‍ യുദ്ധത്തിലേക്ക് പോവുകയാണെന്ന് ജനങ്ങള്‍ കരുതിയിരുന്നു.
ഉ.കൊറിയ അപകടകാരികളാണെന്നും വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണെന്നും മുന്‍ പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."