ആധിപത്യം ഉറപ്പിക്കാന്‍ ഉറുഗ്വെ
മോസ്കോ: എ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ന് രണ്ടു തവണ ലോക ചാംപ്യന്മാരായ ഉറുഗ്വേയും 2018 ലേകകപ്പിന്റെ ശ്രദ്ധേയ ടീമുകളിലൊന്നായ ഈജിപ്തുമാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പ് വിരുന്നിലെ ആദ്യ മികച്ച മത്സരമാവും ഇതെന്ന വിലയിരുത്തലിലാണ് ഫുട്ബോള്‍ ലോകം. കാരണം പി.എസ്.ജി സൂപ്പര്‍ താരം എഡിസണ് കവാനി, ബാഴ്സലോണ താരം ലൂയി സുവാരസ്, സ്റ്റ്യുവാനി, അത്ലറ്റിക്കോ മാഡ്രിഡ് താരം ഗോഡിസണ്‍ എന്നിവര്‍ അണിനിരക്കുന്ന ടീം ഒരു വശത്തും, ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഈജിപ്ത് മറ്റൊരു വശത്തുമാണ് പോരാട്ടത്തിനൊരുങ്ങുന്നത്. പരുക്കിന്റെ പിടിയിലുള്ള മുഹമ്മദ് സലാഹ് പരുക്ക് മാറി ടീമില്‍ തിരിച്ചെത്തിയത് ടീമിന് പുത്തനുണര്‍വ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് എകാതറിന്‍ ബര്‍ഗ് അരീനയിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉറുഗ്വെ - ഈജിപ്ത് പോരാട്ടം നടക്കുന്നത്. 28 വര്‍ഷത്തിനു ശേഷം ലോകകപ്പിന് യോഗ്യത നേടിയ ഈജിപ്തിനു ഇതു മൂന്നാം ലോകകപ്പാണ്. 13-ാം ലോക പോരാട്ടത്തിനിറങ്ങുന്ന ഉറുഗ്വെ ലോകോത്തര നിലവാരമുള്ള താരങ്ങളാണ് കരുത്ത്. ഉറുഗ്വെക്ക് തന്നെയാണ് ഫുട്ബോള്‍ ലോകം സാധ്യതകള്‍ കണക്കാക്കുന്നതെങ്കിലും എന്തിനും ഒരുങ്ങിയാണ് സലാഹും സംഘവും കളത്തിലിറങ്ങുന്നത്. ഓസ്കാര്‍ ടെബേറസിന്റെ പണിശായയില് ഊതിക്കാച്ചിയെടുത്ത ഒരുപിടി താരങ്ങളുമായിട്ടാണ് ഉറുഗ്വെ പോരിനിറങ്ങുന്നത്.
നാടകീയത നിറഞ്ഞ പോരാട്ടത്തിന്റെ അവസാന നിമിഷം സലാഹ് നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് ഈജിപ്ത് റഷ്യന്‍ ലോകകപ്പിലേക്ക് രണ്ടാമതായി സ്ഥാനമുറപ്പിച്ച ആഫ്രിക്കന്‍ ടീമായി മാറിയത്. അര്‍ജന്റീനക്കാരനായ ഹെക്ടര്‍ കുപറാണ് പരിശീലകന്.
സലാഹിനു പുറമേ മുഹ്മദിയും മുഹമ്മദ് അല്ലെനിനിയും ഗോള്‍ കീപ്പര്‍ ഇസ്ലാം അല്ഹദരിയും ശക്തിപകരുന്ന ഈജിപ്ഷ്യന്‍ ടീം ഏതു വമ്പന്മാരെയും തകര്ത്തടിക്കാനോളം പ്രാപ്തരാണ്. 2006ല്‍ നടന്ന സൗഹൃദമത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-0ന് ഉറുഗ്വെക്കൊപ്പമായിരുന്നു വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."