ഉമ്മന്‍ചാണ്ടി ആത്മപരിശോധന നടത്തണം
രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ വാദപ്രതിവാദങ്ങള്‍ സജീവമാണിപ്പോള്‍.
ഒരിക്കല്‍ കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് മുസ്‌ലിംലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. ബാബരിമസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുത്ത് പാണക്കാട് തങ്ങള്‍ക്ക് നല്‍കിയ വാക്ക് നിറവേറ്റുകയായിരുന്നു ലീഡര്‍.
നിയമസഭയില്‍ ഒരംഗംപോലുമില്ലാത്ത ജനതാദളിന് കോണ്‍ഗ്രസ് രാജ്യസഭാസീറ്റ് നല്‍കിയപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. കാരണം അത് ഒരു രാഷ്ട്രീയസാഹചര്യത്തിന്റെ അനിവാര്യതയായിരുന്നു. പക്ഷേ അത്‌കൊണ്ട് കോണ്‍ഗ്രസിന് നേട്ടമുണ്ടായില്ല. അവര്‍ ഐക്യമുന്നണിവിട്ടു ഇടതുമുന്നണിയിലേക്ക് തിരിച്ചുപോയി. രാജ്യസഭാസീറ്റ് രാജിവച്ചൊഴിഞ്ഞ് അവര്‍ കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കി.
1986ല്‍ കെ. കരുണാകരന്‍ കേരളമുഖ്യമന്ത്രിയും രാജീവ്ഗാന്ധി പ്രധാനമന്ത്രിയുമായിരിക്കുമ്പോള്‍ കേരളത്തില്‍ പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധസമരം ഉണ്ടായി. ആ സമരം ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു.
ആ സമരമാണ് തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയുടെ തോല്‍വിക്ക് കാരണമായത്. പ്രീഡിഗ്രി സര്‍വകലാശാലയില്‍നിന്നും വേര്‍പെടുത്തല്‍ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായയിരുന്നു. കരുണാകരന്റെയോ ടി.എം. ജേക്കബിന്റെയോ സ്വകാര്യ അജന്‍ഡയായിരുന്നില്ല പ്രീഡിഗ്രി ബോര്‍ഡ് രൂപീകരണം. ഉമ്മന്‍ചാണ്ടി നേതൃത്വം നല്കിയിരുന്ന കോണ്‍ഗ്രസ് സംഘടന ഇടതുപക്ഷത്തോടൊപ്പം പ്രസ്തുത സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.
2014-ലെ ശമ്പളപരിഷ്‌കരണത്തോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് യു.ഡി.എഫ്. അനുകൂല സര്‍വിസ് സംഘടനകള്‍ മുഴുവനും ആവശ്യപ്പെട്ടിരുന്നു.ഉമ്മന്‍ചാണ്ടി ഒഴികെയുള്ള മുഴുവന്‍ യു.ഡി.എഫ്. മന്ത്രിമാരും നേതാക്കളും ജീവനക്കാരുടെ ആവശ്യത്തെ പരസ്യമായി പിന്തുണച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി വരുമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ്. സംഘടനകളുടെ ആവശ്യം തള്ളിക്കളഞ്ഞു. പക്ഷേ, തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിക്കാന്‍, ഉമ്മന്‍ചാണ്ടിക്ക് സാധിച്ചില്ല.
വളരെ നിര്‍ണായകമായ 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലുംകോണ്‍ഗ്രസിനെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല.
കോണ്‍ഗ്രസ് നേതൃത്വം എല്ലാ നേതാക്കളേയും അകമഴിഞ്ഞു സ്‌നേഹിച്ചു, സഹായിച്ചു. പക്ഷേ എത്രപേര്‍ക്ക് തിരിച്ച് കോണ്‍ഗ്രസിനെ സഹായിക്കാന്‍ സാധിച്ചുവെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നേ സാധാരണകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളൂ. ഏത് മനുഷ്യനും തെറ്റ് പറ്റാം തെറ്റിന് മാപ്പുണ്ട് പക്ഷേ കളവിന് മാപ്പില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."