മാങ്ങ തേടി കാട്ടില്‍ കയറിയ വിദ്യാര്‍ഥികള്‍ക്ക് വഴിതെറ്റി; വനംവകുപ്പ് രക്ഷകരായി
തൊടുപുഴ: മാങ്ങ ശേഖരിക്കാന്‍ കാട്ടില്‍ കയറിയ വിദ്യാര്‍ഥികള്‍ക്ക് വഴിതെറ്റി കാട്ടില്‍ കുടുങ്ങി. ഇവരെ പിന്നീട് പൊലിസും ഫയര്‍ഫോഴ്സും വനംവകുപ്പധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
കാളിയാര്‍ റേഞ്ചിലെ പച്ചില കൂപ്പ് വനമേഖലയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വണ്ണപ്പുറത്തെ സ്കൂളില്ലെ പത്താം ക്ലാസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ തൊട്ടിയില്‍ അഭിരാം, വാഴയില്‍ യമിന്, ചെമ്മായത്ത് അഖില്‍ എന്നിവരാണ് മാങ്ങ ശേഖരിക്കാന്‍ പത്തരയോടെ പച്ചില കൂപ്പില് കയറിയത്.
മാങ്ങ ലഭിച്ചില്ലെന്നു മാത്രമല്ല, ഉള്ളിലേയ്ക്ക് കുറേ നടന്ന ഇവര്‍ക്ക് മടങ്ങാന്‍ നേരത്ത് വഴിയും തെറ്റി. എവിടേയ്ക്ക് പോകണമെന്നറിയാതെ പകച്ച ഇവര്‍ പലദിക്കിലേക്കും നടന്നു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല.
അഖിലിന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും ബാലന്‍സ് തീര്‍ന്നിരുന്നതിനാല്‍ പുറത്തേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഒടുവിലൊരു ബുദ്ധി തോന്നി.
സൗജന്യമായി വിളിക്കാവുന്ന ഫയര്‍ഫോഴ്സിന്റെ എമര്‍ജന്‍സി നമ്പരായ 101 ലേക്ക് ബന്ധപ്പെട്ടു. തൊടുപുഴ ഫയര്‍ സ്റ്റേഷനിലാണ് വിളിയെത്തിയത്. അവര്‍ കാളിയാര്‍ പൊലിസിനും ഫോറസ്റ്റ് ഓഫിസിലും വിവരം കൈമാറി.
ഫയര്‍ഫോഴ്സില്‍ നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെട്ട കാളിയാര്‍ പൊലിസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരും ഇവരോടൊപ്പം ചേര്‍ന്നു.
വിദ്യാര്‍ഥികളുടെ വീട്ടുകാരെയും വിവരം അറിയിച്ചു. തെരച്ചില്‍ നടത്തുന്നതിനിടെ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ട പൊലിസ് വിദ്യാര്‍ഥികളോട് ഉറക്കെ ശബ്ദം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഒന്നേമുക്കാലോടെയാണ് വിദ്യാര്‍ഥികളെ കണ്ടെത്തി പുറത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."