കാരുണ്യത്തിന്റെ കരുതലുള്ള പെരുന്നാള്‍ കച്ചവടം
ഫറോക്ക്: പെരുന്നാള്‍ കച്ചവടത്തിലെ വരുമാനം കാരുണ്യ പ്രവര്‍ത്തനത്തിനു മാറ്റിവച്ച് യുവാവ് വേറിട്ട മാതൃകയാകുന്നു. കൊളത്തറ മോഡേണ്‍ ബസാറിലെ അനിയന് ചിക്കന്‍ സ്റ്റാള്‍ ഉടമ കുണ്ടായിത്തോട് ചിറക്കന്കണ്ടി ഫൈജാസാണ് പെരുന്നാള്‍ ദിനമായ ഇന്നത്തെയും ഇന്നലത്തെയും വരുമാനം ആഘോഷങ്ങളറിയാതെ കഴിയുന്ന വൃക്കരോഗിക്ക് നല്‍കുന്നത്.
ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കൊളത്തറ റഹ്മാന് ബസാര്‍ സ്വദേശി വി.ടി റഫീഖിനാണ് സഹായം നല്‍കുന്നത്. നിര്‍ധന കുടുംബത്തിലെ അംഗമായ ഇയാള്‍ കല്‍പ്പണി ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. റഫീഖിനു ജീവതത്തിലേക്കു തിരിച്ചുവരാന്‍ കിഡ്നി മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കിഡ്നി മാതാവ് നല്‍കുമെങ്കിലും ശസ്ത്രിക്രയക്കും മരുന്നിനും വരുന്ന ഭാരിച്ച തുക നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചാണ് സ്വരൂപിക്കുന്നത്.
സഹായ കമ്മിറ്റി ഫൈജാസിനോട് സഹായമഭ്യര്‍ഥിച്ചപ്പോഴാണ് കച്ചവടത്തില്‍ നിന്നുള്ള വരുമാനം ചികിത്സാ സഹായ ഫണ്ടിലേക്ക് നല്‍കാമെന്നു വാഗ്ദാനം ചെയ്തത്. വേനല്‍കാലത്ത് കൊടും വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ സൗജന്യമായി കുടിവെള്ളമെത്തിച്ചു നല്‍കിയും ഫൈജാസ് മാതൃക പ്രവര്‍ത്തനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."