വയനാട്ടിലേക്കുള്ള കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസുകള്‍ കുറ്റ്യാടി ചുരം വഴി
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം ഇടിഞ്ഞതിനാല്‍ കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര ബസ് സര്‍വിസ് റൂട്ടില്‍ മാറ്റം. കോഴിക്കോടുനിന്നു വയനാട്ടിലേക്കും തിരിച്ചുമുള്ള ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ കുറ്റ്യാടി വഴി നടത്തുന്നതാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു.
ഇന്നലെ ഇതുവഴിയുള്ള ട്രയല്‍ സര്‍വിസ് നടത്തി. കോഴിക്കോട്, താമരശ്ശേരി യൂനിറ്റുകളില്‍ നിന്നും ഇന്നു മുതല്‍ വയനാട് സെക്ടറിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ ചിപ്പിലിത്തോട് വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ യൂനിറ്റുകളില്‍നിന്നു കോഴിക്കോട് വരുന്ന ബസുകള്‍ ചിപ്പിലിത്തോടു വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ആയി സര്‍വിസ് നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ ചിപ്പിലിത്തോടുനിന്ന് കോഴിക്കോട്ടേക്കും വയനാടിലേക്കും സര്‍വിസുണ്ടാകും. രാത്രികാല സര്‍വിസുണ്ടാകില്ല. സര്‍വിസ് ഏകീകരിക്കുന്നതിന് വേണ്ടി കല്പറ്റ, താമരശ്ശേരി യൂണിറ്റ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ സര്‍വിസ് അയക്കുന്നതിന് കോഴിക്കോട് സോണല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."