ഹുദൈദ വിമാനത്താവളം തിരിച്ചുപിടിച്ചെന്ന് സഖ്യസേന
സന്‍ആ: വിമതസംഘമായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖ നഗരവും വിമാനത്തവാളവും തിരിച്ചുപിടിച്ചതായി അറബ് സഖ്യസേന. പരിസര പ്രദേശങ്ങളിലെ കുഴിബോംബുകള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. എന്നാല്‍, ഹുദൈദ നഷ്ടപ്പെട്ട കാര്യം ഹൂതികള്‍ അംഗീകരിച്ചിട്ടില്ല. ദിവസങ്ങളായി മേഖലയില്‍ നടക്കുന്ന ശക്തമായ പോരാട്ടത്തില്‍ ലക്ഷക്കണക്കിനു ജനങ്ങളാണു പെരുവഴിയിലായിരിക്കുന്നത്.
ഇറാന് പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഏക പ്രധാന തുറമുഖനഗരമാണ് ഹുദൈദ. കഴിഞ്ഞ ബുധനാഴ്ചയാണു ചെങ്കടല്തീരനഗരം കീഴടക്കാനായി സഖ്യസേന ശക്തമായ ആക്രമണമാരംഭിച്ചത്. യു.എ.ഇയാണ് അപ്രതീക്ഷിത ആക്രമണത്തിനു തുടക്കമിട്ടത്. ജനങ്ങളുടെ ജീവന് അപകടത്തിലാ യ സ്ഥിതിയില്‍ യു.എന്‍ പ്രത്യേക ദൂതന് മാര്ട്ടിന് ഗ്രിഫിത്ത്സ് യമന്‍ തലസ്ഥാനമായ സന്‍ആയിലെത്തി. ഇരുകക്ഷികള്ക്കുമിടയില് പ്രശ്നങ്ങള്‍ പരിഹരിക്കാനായാണു യു.എന്‍ ദൂതന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
സംഘര്‍ഷാവസ്ഥ വഷളാകുന്നതു തടയാന്‍ നഗരത്തിന്റെ നിയന്ത്രണം യു.എന്‍ മേല്‍നോട്ടത്തിലുള്ള സമിതിക്കു വിട്ടുനല്‍കണമെന്ന നിര്‍ദേശം മാര്ട്ടിന് ഗ്രിഫിത്ത്സ് ഹൂതികളോടു മുന്നോട്ടുവയ്ക്കുമെന്നാണ് അറിയുന്നത്. തുറമുഖം ആക്രമിക്കില്ലെന്നും പകരം നഗരത്തിലെ പ്രധാന കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെടുമെന്നും യമന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, യു.എ.ഇ, യമന്‍, സുദാന്‍ സൈനികര്‍ അടങ്ങുന്ന ശക്തമായ സേന എരിത്രിയയില്‍ സജ്ജമായിട്ടുണ്ടെന്നും നഗരം പൂര്‍ണമായി പിടിച്ചടക്കാന്‍ ഉടന്‍ യമനിലെത്തുമെന്നും യു.എ.ഇ സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹുദൈദ വിമാനത്താവളം ഹൂതികളില്‍നിന്ന് സഖ്യസേന മോചിപ്പിച്ചതായി യമന്‍ സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.
യമന്‍ തലസ്ഥാനമായ സന്‍ആ നിലവില്‍ ഹൂതികളുടെ നിയന്ത്രണത്തിലാണുള്ളത്. 2015ലാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖല ഹൂതികള്‍ പിടിച്ചടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."