എന്‍.ഡി.എല്‍.എം പദ്ധതിയില്‍ തട്ടിപ്പുകള്‍ വ്യാപകം
തിരൂരങ്ങാടി: കേന്ദ്രസര്‍ക്കാറിന്റെ കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ നാഷണല്‍ ഡിജിറ്റല്‍ ലിട്രസി മിഷ(എന്‍.ഡി.എല്‍.എം) ന്റെ ആനുകൂല്യംഎത്തിപ്പെടുന്നത് അനര്‍ഹരുടെ കൈകളില്‍. അര്‍ഹതാലിസ്റ്റിലുള്ളവര്‍ക്ക് പദ്ധതിയെകുറിച്ചു കേട്ടുകേള്‍വി പോലുമില്ലെന്ന് ആക്ഷേപം. രാജ്യത്ത് സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍വേണ്ടി കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്ന എന്‍.ഡി.എല്‍.എം പദ്ധതിയിലാണ് കംപ്യൂട്ടര്‍ പരിജ്ഞാനികള്‍ക്കുമാത്രം പരിശീലനം നല്‍കി സംസ്ഥാനത്ത് ഇടനിലക്കാര്‍ പണംതട്ടുന്നത്.
സംസ്ഥാനത്തെ ചില അക്ഷയസെന്ററുകാരും, സി.എസ്.സി (കോമണ്‍ സര്‍വീസ് സെന്റര്‍), വി.എല്‍.ഇ(വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍) മാരുമാണ് ഈതട്ടിപ്പിനു പിന്നിലെന്നാണ് പ്രാഥമികവിവരം. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗീകൃത റേഷന്‍ ഡീലര്‍മാര്‍ എന്നിവരെ പദ്ധതിയില്‍ പ്രത്യേകം പേരെടുത്തു പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാവട്ടെ വിദ്യാസമ്പന്നരുടെ കൈകളിലാണ്. കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത ലിസ്റ്റില്‍പെട്ട ആളുകളെ കണ്ടെത്തി പരിശീലനം നല്‍കി അവരെക്കൊണ്ട് പരീക്ഷ എഴുതിച്ച് വിജയിപ്പിച്ചെടുക്കണമെന്നാണു പദ്ധതിയില്‍ പ്രത്യേകം പറയുന്നത്. അതാത് അക്ഷയകേന്ദ്രങ്ങള്‍, സി.എസ്.സി കേന്ദ്രങ്ങള്‍ എന്നിവയിലൂടെ വ്യക്തമായ പാഠ്യപദ്ധതിയിലൂടെയും കൃത്യമായ നിരീക്ഷണങ്ങളിലൂടെയും നല്‍കിവരേണ്ട കോഴ്‌സാണിത്. ഇതിന് ആളൊന്ന് എസ്.സി വിഭാഗത്തിന് അഞ്ഞൂറും, മറ്റുള്ളവര്‍ക്ക് മുന്നൂറ്റമ്പതും രൂപ തോതില്‍ കേന്ദ്രസര്‍ക്കാര്‍ ഈ കേന്ദ്രങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. നിരക്ഷരര്‍ക്ക് ദിവസങ്ങള്‍ നല്‍കേണ്ടിവരുന്ന പരിശീലനം ഒഴിവായികിട്ടുകയും കംപ്യൂട്ടര്‍ പരിജ്ഞാനികളെ പെട്ടെന്ന് പരീക്ഷക്കിരുത്തി എണ്ണം വര്‍ധിപ്പിക്കാമെന്നാണ് ഈസെന്ററുകളുടെ കണക്കുകൂട്ടല്‍.
അതേസമയം പദ്ധതിയുടെ ഗുണഭോക്താക്കളായ ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും റേഷന്‍ ഡീലര്‍മാരും തങ്ങള്‍ക്ക് ഈ പദ്ധതിയെക്കുറിച്ച് അറിയുകയോ പരിശീലനം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു.
രാജ്യത്ത് 3,36,415 അങ്കണവാടി ടീച്ചര്‍മാരും, 1,18,887 ആശാവര്‍ക്കര്‍മാരും, 30,885 റേഷന്‍ ഡീലര്‍മാരും, 84,74,372 ജനറല്‍ വിഭാഗക്കാരും പരിശീലനം നേടിയെന്നാണ് കേന്ദ്രസര്‍ക്കാറിന് ലഭിച്ചവിവരം. എന്നാല്‍ അര്‍ഹരായവരെ തഴഞ്ഞു തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇതുവരെ 30 ട്രെയിനിങ് പാര്‍ട്ണര്‍മാര്‍, 49 ട്രെയിനിങ് സെന്ററുകള്‍, 69 വി.എല്‍.ഇ എന്നിവരുടെ പേരില്‍ വിവിധയിടങ്ങളില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കേരളത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറുന്നത്. അതേസമയം വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി നടപ്പിലാക്കുന്ന സെന്ററുകളും കേരളത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."