ഉറവിടമറിയാതെ 12 കേസുകള്‍; രോഗവ്യാപന ഭീതിയില്‍ കേരളം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19ന്റെ സമൂഹവ്യാപന ഭീതി പടര്‍ത്തി ഉറവിടമറിയാത്ത 12 കേസുകള്‍. ഇവരില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട മലപ്പുറത്തെ നാലുമാസം പ്രായമുള്ള കുഞ്ഞും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് മരണപ്പെട്ട എ.എസ്.ഐയും ഉള്‍പ്പെടുന്നു. വിദേശയാത്ര നടത്തുകയോ, ഇതുവരെ കണ്ടെത്തിയ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്ത ഇവര്‍ക്ക് ആരില്‍ നിന്ന് രോഗം പടര്‍ന്നു എന്നത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോന്നും കോട്ടയത്ത് അഞ്ചും ഇടുക്കിയില്‍ രണ്ടും കേസുകളാണ് ഇപ്പോഴും ഉറവിടം വ്യക്തമാകാതെ ആശങ്ക സൃഷ്ടിക്കുന്നത്.
തിരുവനന്തപുരത്ത് തുടക്കം
സംസ്ഥാനത്ത് ഉറവിടം കണ്ടെത്താത്ത ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്ത് നിന്നായിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ റിട്ട.എ.എസ്.ഐ ഈ കഴിഞ്ഞ മാര്‍ച്ച് 28നാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. മാര്‍ച്ച് 30 അര്‍ധരാത്രിയോടെ മരണപ്പെട്ടു. ചികിത്സക്കിടയിലാണ് ഇദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. അബോധാവസ്ഥയിലായതിനാല്‍ യാത്രാവിവരങ്ങളോ, സമ്പര്‍ക്ക വിവരങ്ങളോ പൂര്‍ണമായി ശേഖരിക്കാനായില്ല. മരണം നടന്ന് ഒരു മാസം ആകുമ്പോഴും ഉറവിടം വ്യക്തമായിട്ടില്ല.
കോട്ടയത്ത് അഞ്ചു
കേസുകള്‍
ഉത്തരമില്ലാത്ത കേസുകള്‍ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണ്. ഈ മാസം 23ന് കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പനച്ചിക്കാട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകനുമായിരുന്നു ആദ്യമായി ഉറവിടം വ്യക്തമല്ലാത്ത കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 26ന് പനച്ചിക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനി, തിരുവനന്തപുരം ആര്‍.സി.സിയിലെ ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ സ്വദേശിനി, വടയാര്‍ സ്വദേശിയായ വ്യാപാരി എന്നിവര്‍ക്കും ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചു.
ഇടുക്കിയില്‍ രണ്ട്
ഇടുക്കി ജില്ലയില്‍ രണ്ടു കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മൂന്നാര്‍ പൊലിസ് സ്റ്റേനു സമീപം താമസിക്കുന്ന 60കാരനും കഴിഞ്ഞ ദിവസം ഇടുക്കി വണ്ടന്‍മേട്ടിലെ 24 കാരനും എവിടെ നിന്നു രോഗം പകര്‍ന്നുവെന്ന് വ്യക്തമായിട്ടില്ല. വണ്ടന്‍മേട്ടിലെ 24കാരന്‍ മാര്‍ച്ച് 23ന് മലപ്പുറത്ത് നിന്ന് ബൈക്കില്‍ എത്തിയതായിരുന്നു.
വീണ്ടും കേസുകള്‍
ഇതിനുപുറമേയാണ് ഏപ്രില്‍ 21ന് പാലക്കാട് വിളയൂര്‍ സ്വദേശിക്കും ഏപ്രില്‍ 20 ന് കോഴിക്കോട് നിന്ന് തമിഴ്‌നാട് സ്വദേശിക്കും കൊല്ലത്ത് ആശാവര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെ നാലുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതര ഹൃദ്രോഗം കൂടിയുണ്ടായിരുന്ന കുഞ്ഞിന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന മാഹി സ്വദേശിയുടെ രോഗകാരണവും വ്യക്തമായിട്ടില്ല. കൊല്ലത്തും കോട്ടയത്തും ഓരോ കേസുകള്‍ റാന്‍ഡം പരിശോധനയിലൂടെയാണ് കണ്ടെത്തിയതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.
നിരീക്ഷണ കാലാവധി പഴങ്കഥ!
കൊവിഡ് രോഗത്തിന്റെ നിരീക്ഷണ കാലാവധിയായ 28 ദിവസമെന്നത് അപ്രസക്തമാകുന്നുവെന്നതാണ് സംസ്ഥാനത്തെ നിലവിലെ അനുഭവം. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ വിദേശത്തു നിന്നെത്തിയവര്‍ നിരീക്ഷണ കാലാവധിയായ 28 ദിവസം പൂര്‍ത്തിയാക്കിയവരായിരുന്നു. സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം പിന്‍വലിച്ചാല്‍ അതിവേഗത്തില്‍ രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
സമൂഹവ്യാപനമില്ലെന്ന്
ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് 19ന്റെ സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും ഉറവിടം കണ്ടെത്താത്ത ചില കേസുകളില്‍ അതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."