ഹെലികോപ്റ്റര്‍ അപകടത്തില്‍ നേപ്പാള്‍ മന്ത്രിയുള്‍പ്പെടെ ഏഴു മരണം
കാഠ്മണ്ഡു: നേപ്പാള്‍ ടൂറിസം- വ്യോമയാനമന്ത്രി രവീന്ദ്രനാഥ് അധികാരി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. തപലിജുങ്ങിലെ കിഴക്കന്‍ പ്രദേശത്തുനിന്ന് കിരാത്തിലെ തെരാത്തൂമിലേക്കു പറക്കുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു ആറുപേരും കൊല്ലപ്പെട്ടെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് കൃഷ്ണ സുബേദി അറിയിച്ചു. പതിവാര തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് തെരാത്തൂമിലെ വിമാനത്താവളം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കാനായി മടങ്ങുകയായിരുന്നു മന്ത്രി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്.
രാജ്യത്തെ പ്രമുഖ ഹോട്ടല്‍, വ്യോമഗതാഗത സംരംഭകന് ആങ് തെസ്റിങ് ഷെര്‍പ, പ്രധാനമന്ത്രി കെ.പി ശര്‍മയുടെ സഹായി യുവരാജ് ദഹാല്‍, നേപ്പാള്‍ സിവില്‍ വ്യോമയാന ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ വീരേന്ദ്ര പ്രസാദ്, സുരക്ഷാ ഉദ്യോഗസ്ഥന് അര്ജുന് കുമാര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും. കൊല്ലപ്പെട്ട ആങ് തെസ്റിങ് ഷെര്‍പ ചെയര്‍മാനായ എയര്‍ ഡൈനാസ്റ്റിയുടെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.
ഹിമാലയന്‍ പര്‍വതനിരകളുടെ ചെരുവിലുള്ള ചുച്ഛ്ചെ ദാദാ കുന്നിലെ പാറകളില്‍ ഇടിച്ചതാണ് അപകടകാരണം. ഏഴുമൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
ദൃഷ്ടിയില്‍നിന്ന് ഹെലികോപ്റ്റര്‍ അപ്രത്യക്ഷമായ ശേഷം കൂറ്റന്‍ തീഗോളം ഉയര്‍ന്നതായി ഗ്രമീണരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോശം സുരക്ഷാ സാഹചര്യങ്ങളുള്ള നേപ്പാളില്‍ ഹെലികോപ്റ്റര്‍ അപകടങ്ങള്‍ പതിവാണ്.
കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ നേപ്പാള്‍ ആസ്ഥാനമായ വിമാനക്കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂനിയനില്‍ വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."