ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
കാസര്‍കോട്: മരണപ്പെട്ട നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കും നേരെ തിരുവനന്തപുരത്തുണ്ടായ പൊലിസ് കൈയേറ്റത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയതേയില്ല. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും കേരളത്തിലേക്കു സര്‍വിസ് നടത്തിയില്ല.
കാസര്‍കോട് നഗരത്തില്‍ രാവിലെ മുതല്‍ സ്വകാര്യ വാഹനങ്ങളും ഏതാനും ഓട്ടോറിക്ഷകളും സര്‍വിസ് നടത്തിയതൊഴിച്ചാല്‍ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വിദൂര സ്ഥലങ്ങളിലേക്കു പോകാന്‍ ബുദ്ധിമുട്ടി. ഹോട്ടലുകളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല.
സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും പോകേണ്ടവര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്താത്തതിനെ തുടര്‍ന്നു ട്രെയിനുകളെയാണ് ആശ്രയിച്ചത്. കാസര്‍കോട് നഗരത്തില്‍ മാത്രം കുറച്ചു കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. പൊലിസ് പട്രോളിങ് ശക്തിപ്പെടുത്തിയിരുന്നു.
ഉദുമ, മഞ്ചേശ്വരം, ഹൊസങ്കടി, ചെര്‍ക്കള, ബദിയഡുക്ക തുടങ്ങിയ സ്ഥലങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇസ്‌ലാമിക കലാമേള നടക്കുന്നതിനാല്‍ കുമ്പള പഞ്ചായത്തിനെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ ക്യാംപ് നടക്കുന്നതിനാല്‍ കള്ളാര്‍-പനത്തടി പഞ്ചായത്തിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
അതിനിടെ ഹൊസ്ദുര്‍ഗ് മിനിസിവില്‍ സ്റ്റേഷനിലെത്തിയ ആറ് യു.ഡി.എഫ് നേതാക്കളെ ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തു നീക്കി. ഇന്നലെ രാവിലെ 11 .15 ഓടെയാണ് സംഭവം. കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പുതിയ കോട്ടയില്‍ പ്രകടനം അവസാനിപ്പിച്ച ശേഷം നേതാക്കളായ എം.പി ജാഫര്‍, ടി.എ ഖാലിദ്, കുഞ്ഞികൃഷ്ണന്‍, മോഹനന്‍ തുടങ്ങിയ നേതാക്കള്‍ മിനി സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ ജോലിക്കെത്തിയ വിവരമറിഞ്ഞ് തഹസില്‍ദാറോട് സംസാരിക്കാന്‍ പോയതായിരുന്നുവെന്നു നേതാക്കള്‍ പറഞ്ഞു. പ്രവീണ്‍ തോയമ്മല്‍, പത്മരാജന്‍ ഐങ്ങോത്ത്, സുഹാസ്, യാസീന്‍, ഷാഖിബ്, രതീഷ്, തുടങ്ങിവരെയാണ് പൊലിസ് അറസ്റ്റുചെയ്ത് നീക്കിയത്.
ഉദുമ മാങ്ങാട് പ്രദേശത്ത് രാവിലെ പാത തടഞ്ഞ മുപ്പതോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലാത്തി വീശി. പാതയില്‍ നിരത്തിയിരുന്ന കല്ലും മരത്തടികളും പൊലിസ് എടുത്തു മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."