ഗോകുലത്തിന് ഇന്ന് ജയിക്കണം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലത്തിന് ജയിച്ചേ തീരു എന്ന അവസ്ഥയാണ്. അല്ലെങ്കില്‍ സെക്കന്‍ഡ് ഡിവിഷനിലേക്ക് തരം താഴ്ത്തും. അതിനാല്‍ ഇന്ന് ഡു ഓര് ഡൈ എന്ന ഒറ്റ സമവാക്യം മാത്രമേ ഗോകുലത്തിന് മുന്നിലുള്ളു. പോയിന്റ് പട്ടികയില്‍ ഗോകുലത്തിന് തൊട്ടുമുകളിലുള്ള ഐസ്വാള്‍ എഫ്.സിയുമായിട്ടാണ് ഇന്നത്തെ മത്സരം. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലത്തിന് 14 പോയിന്റ് മാത്രമാണുള്ളത്.
രണ്ട് മത്സരത്തില്‍ വിജയവും എട്ട് മത്സരം സമനിലയിലും ഏഴ് മത്സരത്തില്‍ തോല്‍വിയുമാണ് ഗോകുലത്തിന്റെ രണ്ടാം സീസണിലെ സമ്പാധ്യം. ആദ്യ സീസണില്‍ തുടക്കത്തില്‍ മോശമായിരുന്നെങ്കിലും സീസണിന്റെ അവസാനം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ നാലു മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും പിന്നീട് അമ്പേ പരാജയമായിരുന്നു. 17 മത്സരം പൂര്‍ത്തിയായപ്പോഴും കൃത്യമായൊരു വിന്നിങ് ഇലവനെ വാര്‍ത്തെടുക്കാന്‍ ഗോകുലത്തിനായിരുന്നില്ല. തുടര്‍ന്ന് പരിശീലകനായിരുന്ന ബിനോ ജോര്‍ജിനെ മാറ്റി പുതിയ ആള്‍ക്ക് ചുമതല നല്‍കുകയും ചെയ്തുവെങ്കിലും കാര്യമായ മുന്നേറ്റങ്ങള്‍ ടീം പിന്നെയും നടത്തിയില്ല. സീസണില്‍ ഇന്നത്തേതുള്‍പ്പെടെ മൂന്ന് ഹോം മത്സരങ്ങള്‍ മാത്രമാണ് ഗോകുലത്തിനുള്ളത്. ഇതിലെങ്കിലും ജയിക്കാനായാല്‍ അല്പം മെച്ചപ്പെട്ട നിലയില്‍ സീസണ് പൂര്‍ത്തിയാക്കാന്‍ ഗോകുലത്തിനാകും. മത്സരത്തിന്റെ തുടക്കത്തില്‍ ഗോകുലം സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും പിന്നീട് ഗോള്‍ വഴങ്ങാതിരിക്കാന്‍ ടീമിനാകുന്നില്ല. രണ്ട് ഗോളിന്റെ ലീഡുണ്ടായിരുന്ന മത്സരത്തില്‍ പോലും ഗോകുലത്തിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. ലീഗില്‍ നിലനില്ക്കണമെങ്കില് ഐസ്വാളിനും ഇന്ന് ജയിച്ചേ തീരു എന്ന അവസ്ഥയാണ്. ഇരു ടീമുകള്‍ക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്. ഉച്ച തിരിഞ്ഞ് 3.30നാണ് ഗോകുലത്തിന്റെ മത്സരം. കാണികള്‍ക്ക് സൗജ്യന്യമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഇന്ന് ഒരുക്കിയിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ റിയല്‍ കശ്മിരും ഈസ്റ്റ് ബംഗാളും തമ്മില്‍ കൊമ്പുകോര്‍ക്കും. രണ്ടും മൂന്നും സ്ഥാനത്തുള്ള ഇരു ടീമുകള്‍ക്കും 33 പോയിന്റാണുള്ളത്. വൈകിട്ട് 5 ന് നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന് ഇന്ത്യന്‍ ആരോസിനെ നേരിടും. സീസണില്‍ പിറകിലായിരുന്ന ആരോസ് തുടരെയുള്ള മത്സരങ്ങളില്‍ ജയവും സമനിലയും കണ്ടെത്തി പട്ടികയില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ആരോസ് ഇന്നും പോരാട്ട വീര്യം പുറത്തെടുക്കും. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ റിയല്‍ കശ്മിരിനെ ആരോസ് സമനിലയില്‍ തളച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസവും ടീമിന് കരുത്ത് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."