കരിങ്ങോള്‍ച്ചിറ ടൂറിസം വികസനം പ്രഖ്യാപനത്തിലൊതുങ്ങി
നജീബ് അന്‍സാരി
പുത്തന്‍ചിറ: നൂറ്റാണ്ടുകളുടെ കഥ പറയുന്ന കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥലം എം.എല്‍.എ അഡ്വ.വി.ആര്‍ സുനില്‍കുമാറിന്റെ സാന്നിധ്യത്തിലാണ് കരിങ്ങോള്‍ച്ചിറയെ മുസ്‌രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നിര്‍മിതികേന്ദ്രവും സംയുക്തമായി കരിങ്ങോള്‍ച്ചിറയില്‍ പൈതൃക പാര്‍ക്കും മ്യൂസിയവും ബോട്ട് സവാരിയും ആരംഭിക്കുന്നതിനുള്ള രൂപ രേഖ തയാറാക്കിയിരുന്നു. അതിന്റെ ചുവട് പിടിച്ച് കരിങ്ങോള്‍ച്ചിറയില്‍ ഇന്നസെന്റ് എംപി യുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു. പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന സ്വപ്നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറ്റാണ്ടുകളുടെ കഥ പറയുന്ന രാജ ഭരണ കാലത്തെ പൊലിസ് സ്റ്റേഷനും ജയിലും അഞ്ചല്‍പ്പെട്ടിയുമെല്ലാം കരിങ്ങോള്‍ച്ചിറയിലുണ്ട്. അവയുടെ സംരക്ഷണത്തിനായി പുത്തന്‍ചിറ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ജീര്‍ണാവസ്ഥയിലായ രാജഭരണകാലത്തെ ജയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചു.
പുരാതനമായ അഞ്ചല്‍പ്പെട്ടിക്ക് സംരക്ഷണ മറയൊരുക്കി. മതില്‍കെട്ടി സംരക്ഷിക്കാനുള്ള പദ്ധതി ചില തല്‍പ്പരകക്ഷികള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ട് മുന്‍പ് വരെ കോട്ടപ്പുറം ചന്തയിലേക്ക് ജലഗതാഗതം നടന്നിരുന്ന കരിങ്ങോള്‍ച്ചിറയുടെ തീരത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി ഇവിടെ പാര്‍ക്കും പൈതൃക മ്യൂസിയവും സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ചിരകാലഭിലാഷമാണ്. പലതരം നീര്‍പക്ഷികളുടേയും ദേശാടനപക്ഷികളുടേയും പറുദീസയാണ് കരിങ്ങോള്‍ച്ചിറ. താമരക്കോഴി, കരിന്തലയന്‍, ഐബീസ് ഇനത്തില്‍പെട്ട കൊക്കുകള്‍, വെള്ളരികൊക്കുകള്‍, താറാവ്, എരണ്ടകള്‍, കല്ലന്‍എരണ്ടകള്‍, ചട്ടുകകൊക്ക്, പുളിചുണ്ടന്‍, കൊതുമ്പന്നം, പച്ചഎരണ്ട, ചേരക്കോഴി, വര്‍ണ്ണകൊക്ക്, നീര്‍കാക്കകള്‍, കുളക്കോഴികള്‍ തുടങ്ങിയ നീര്‍പക്ഷികളേയും ദേശാടന പക്ഷികളേയും ഇവിടെ കാണാന്‍കഴിയും. കരിങ്ങോള്‍ച്ചിറ പുഴയുടെ ഓരം ചേര്‍ന്നുള്ള യാത്ര അവിസ്മരണീയ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
ഇത്തരം സാധ്യതകള്‍ക്കൊപ്പം കരിങ്ങോള്‍ച്ചിറയിലെ അപൂര്‍വയിനം മത്സ്യസമ്പത്ത് വീണ്ടെടുത്ത് സംരക്ഷിക്കാന്‍ നടപടിയുണ്ടായാല്‍ അപൂര്‍വയിനം പുഴമീനുകളുടെ വിപണന കേന്ദ്രമായും കരിങ്ങോള്‍ച്ചിറ വികസിക്കും. കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന പദ്ധതി അധികൃതരുടെ അനാസ്ഥയില്‍ അനന്തമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."