ഗോവ സ്വദേശിയുടെ മൃതദേഹം ഇന്ന് ദുബൈയില്‍ നിന്ന് വിമാനം വഴി കരിപ്പൂരിലെത്തിക്കും; റോഡ് മാര്‍ഗം സ്വദേശത്തെത്തിച്ച് സംസ്‌കരിക്കും
കോഴിക്കോട്: അഫ്ഗാനിസ്ഥാനില്‍ ടെക്‌നീഷ്യനായിരുന്ന ഗോവ സ്വദേശിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം പ്രത്യേക കാര്‍ഗോ വിമാനത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. ദക്ഷിണ ഗോവ ജില്ലാ സ്വദേശിയായ ഡിസൂസ ഹെന്റിക്കിന്റെ (51) മൃതദേഹമാണ് ഫ്‌ലൈ ദുബൈ കാര്‍ഗോ സര്‍വീസിന്റെ വിമാനത്തില്‍ കരിപ്പൂരിലെത്തിക്കുക. അഫ്ഗാനിസ്ഥാനില്‍ വച്ച് രോഗ ബാധിതനായ അദ്ദേഹം ദുബൈയില്‍ വിദഗ്ധ ചികില്‍സക്കായി പോയതായിരുന്നു.
മാര്‍ച്ച് 25ന് മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ലോകമെമ്പാടും കൊവിഡ് പടര്‍ന്ന് പിടിക്കുകയും വ്യോമഗതാഗതം തടസപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞു. തുടര്‍ന്ന് പരേതന്‍ ജോലിചെയ്ത സ്ഥാപനത്തിലുള്ള മലയാളികള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ ബന്ധപ്പെടുകയും അദ്ദേഹം ദുബൈ ഇന്ത്യന്‍ കൗണ്‍സിലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരോട് വിഷയം സംസാരിക്കുകയും ചെയ്തു.
തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴിതെളിഞ്ഞത്. വ്യോമഗതാഗതം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് മൃതദേഹം ഗോവയിലെത്തിക്കുക സാധ്യമല്ലന്നറിയിച്ച അധികൃതര്‍ കോഴിക്കോട് നിന്ന് റോഡ്മാര്‍ഗം ഗോവയിലെത്തിക്കാന്‍ സൗകര്യം ചെയ്യുകയാണങ്കില്‍ കാര്‍ഗോ വിമാനത്തില്‍ ഭൗതികദേഹം കരിപ്പൂരിലെത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേരളാ, കര്‍ണാടക, ഗോവ ഡി.ജി.പിമാരെ ബന്ധപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി എം.പി മൃതദേഹം കരിപ്പൂരില്‍ നിന്ന് പരേതന്റെ സ്വദേശമായ ഗോവയിലെ വെര്‍ണയിലെത്തിക്കാനുള്ള അനുമതിയും കരിപ്പൂരില്‍ നിന്ന് ഗോവയിലെത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കുകയായിരുന്നു.
സി.എച്ച് സെന്ററിന്റെ ആംബുലന്‍സിലാണ് ഡിസൂസ ഹെന്‍്രിക്കിന്റെ ഭൗതികശരീരം ഗോവയിലെത്തിക്കുക. അമേരിക്കന്‍ മിലിറ്ററിക്ക് വേണ്ടി സാങ്കേതിക സഹായങ്ങള്‍ ചെയ്യുന്ന എ.സി ഫസ്റ്റ് എന്ന കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു ഡിസൂസ. വ്യോമഗതാഗതം നിര്‍ത്തലാക്കിയെങ്കിലും കാര്‍ഗോ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ചില വിമാനത്താവളങ്ങളില്‍ ഒന്നായത് കൊണ്ടാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി മൃതദേഹം എത്തിക്കാനുളള സാഹചര്യം ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."