അധികൃതരുടെ അലംഭാവം ജില്ലാ ആശുപത്രി ടോയ്ലറ്റുകളിലെ ടാപ്പുകള്‍ നന്നാക്കാന്‍ നടപടിയില്ല
മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഒ.പിയില്‍ എത്തുന്ന രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ഉപയോഗിക്കാനുള്ള ടോയ്ലെറ്റിലെ ടാപ്പു പൊട്ടിയിട്ട് ദിവസങ്ങളായെങ്കിലും ഇത് നന്നാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
എന്നാല്‍ ഇവിടെയുള്ള ഏക വാഷ്ബേസിനിലെ ടാപ്പ് പൊട്ടി തീര്‍ത്തും ഉപയോഗ ശൂന്യമായ നിലയിലാണ്. അതിനാല്‍ തന്നെ കൈ കഴുകുന്നതും പാത്രം കഴുകുന്നതുമെല്ലാം മുറിക്കുള്ളില്‍ തന്നെ എന്നുള്ളതും ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും മറ്റുമായി ടോയ്ലെറ്റില് കയറിയാല്‍ ടാപ്പിന്റെ സ്ഥാനത്ത് ചുമരില്‍ ദ്വാരം മാത്രമാണ് കാണാനാകുക. സ്ത്രീകളുടെ ടോയ്ലെറ്റിന്റെ കാര്യമാണ് ഏറെ കഷ്ട്ടം.
ഈ മുറികളുടെ വാതിലിന് കുറ്റിയും കൊളുത്തുമൊന്നും ഇല്ലാത്തതിനാല്‍ തന്നെ ആരെങ്കിലും ടോയ്ലെറ്റില് കയറിയാല്‍ പുറത്ത് ഒരാള്‍ വാതിലും പിടിച്ച് കാവല്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. ടാപ്പ് മാറ്റിയാല്‍ ഏറെ ആളുകള്‍ക്കാണ് അത് ഉപകാരപ്രദമായി മാറുക. എന്നാല്‍ ഇത്തരം നിസാര കാര്യങ്ങളില്‍ പോലും ജീവനക്കാര്‍ കാണിക്കുന്ന അലംഭാവമാണ് എന്നും ജില്ലാ ആശുപത്രിയുടെ ശാപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."