എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ ചോദ്യത്തില്‍ ഇനി നവോത്ഥാന നായകരില്ല
കോഴിക്കോട്: എല്‍.ഡി.സി പരീക്ഷയില്‍ നിന്നും കേരള നവോത്ഥാനത്തേയും പുരാതന ഇന്ത്യാ ചരിത്രത്തേയും വെട്ടിനീക്കി. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷയുടെ സിലബസ് പരിഷ്‌കരിച്ചപ്പോഴാണ് കേരള നവോത്ഥാനവും പുരാതന ഇന്ത്യാ ചരിത്രവും സിലബസില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത്.
സാധാരണ എല്‍.ഡി.സി പരീക്ഷയ്ക്ക് ഈ ഭാഗങ്ങളില്‍ നിന്ന് നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇനി ഇതിനുപകരം നവോത്ഥാനകാലത്തിനു ശേഷമുള്ള കര്‍ഷക-ഭൂ സമരങ്ങളും മധ്യകാല ഇന്ത്യാ ചരിത്രം മുതലുള്ള ഭാഗങ്ങളില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍ വരിക. ഒപ്പം ലോക ചരിത്രവും സിലബസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കേരള നവോത്ഥാന നായകന്‍മാരായ ശ്രീനാരായണ ഗുരു മുതല്‍ 22 ചരിത്ര പുരുഷന്‍മാരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ സംഭാവനകളുമായിരുന്നു പതിവായി ചോദ്യങ്ങളില്‍ ഇടം പിടിച്ചിരുന്നത്. വൈകുണ്ഠസ്വാമികള്‍, ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദന്‍, ഡോ. പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ. കേളപ്പന്‍, കുമാരനാശാന്‍, എ.കെ ഗോപാലന്‍ തുടങ്ങിയവരൊക്കെ കേരളത്തിലെ നവോത്ഥാന നായകര്‍ എന്ന നിലയില്‍ കാലങ്ങളായുള്ള പരീക്ഷാ സിലബസില്‍ ഇടം പിടിച്ചിരുന്നു.
അടുത്തിടെ നടന്ന പി.എസ്.സി പരീക്ഷകളിലെല്ലാം ഈ ഭാഗങ്ങളില്‍ നിന്ന് പേരിനു ചോദ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. പകരം സ്വാതന്ത്ര്യ- സ്വാതന്ത്ര്യാനന്തര കാലത്തെ കര്‍ഷക-ഭൂ സമരങ്ങളും അതിന്റെ നായകന്‍മാരുമായിരുന്നു കൂടുതലും ചോദ്യങ്ങളില്‍ ഇടംപിടിച്ചിരുന്നത്. എന്നാല്‍ സിലബസ് പരിഷ്‌കരണത്തോടെ കേരള നവോത്ഥാനത്തെ പൂര്‍ണമായും തമസ്‌കരിച്ചിരിക്കുകയാണ് ഇപ്പോള്‍ കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്‍.
ഇന്ത്യയിലെ പ്രാചീന സാമ്രാജ്യങ്ങളെയും സംസ്‌കാരങ്ങളേയും വിശദമാക്കുന്ന പ്രാചീന ചരിത്രവും ഒഴിവാക്കിയിട്ടുണ്ട്. മധ്യകാല ഇന്ത്യ മുതലാണ് സിലബസില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോക ചരിത്രത്തെ പൂര്‍ണമായും ഒഴിവാക്കിയ പി.എസ്്.സി സ്ത്രീ സുരക്ഷാ നിയമങ്ങളും പട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങളും പൗരാവകാശ-മനുഷ്യാവകാശ നിയമങ്ങളും സൈബര്‍ നിയമങ്ങളും സിലബസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
സിലബസിനെ കുറേക്കൂടി ക്രോഡീകരിക്കുകയാണ് ചെയ്തതെന്നാണ് പി.എസ്.സിയുടെ വിശദീകരണം.
കൂടുതല്‍ പരന്ന പഠനം വേണ്ടതും വിഷമകരവുമായ ലോകചരിത്രവും പ്രാചീന ഇന്ത്യാ ചരിത്രവും നവോത്ഥാനവും ഒഴിവാക്കി വര്‍ത്തമാനകാല സംഭവങ്ങള്‍ക്ക്് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ കൂടുതല്‍ എളുപ്പമായിരിക്കുമെന്നാണ് വിശദീകരണം. എന്നാല്‍ പി.എസ്.സി ഇത്തരം ചോദ്യമൊഴിവാക്കുന്നതിനു പിന്നില്‍ ചില രാഷ്ട്രീയ നിലപാടാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പതിനേഴ് ലക്ഷത്തിലേറെ പേര്‍ എഴുതുന്ന എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷ ജൂണ്‍ മുതല്‍ ഓരോ ജില്ലയിലും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."