അച്ചൂര്‍ വീട്ടില്‍ ഇനി ഫാത്തിമയും മക്കളും മാത്രം
പൊഴുതന: കലിതുള്ളിയെത്തിയ കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന ആറാം മൈലിലെ 'അച്ചൂര്‍' വീട്ടിലിനി ഫാത്തിമയും മക്കളും. ബുധനാഴ്ച ആരംഭിച്ച ശക്തമായ മഴയില്‍ ഇവരുടെ വീടിന് പിന്‍ഭാഗത്തെ മതിലിടിഞ്ഞ് വീണ് ഭര്‍തൃമാതാവ് മരണപ്പെട്ടതോടെയാണ് ഇവര്‍ ഒറ്റക്കായത്. പരേതയുടെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചക്ക് രണ്ടോടെ വലിയപാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വ്യാഴം രാവിലെ പത്തോടെയായിരുന്നു അപകടം. പ്രദേശത്തെ ഉദാരമതികളായ ആളുകള്‍ നിര്‍മിച്ച് നല്‍കിയ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മകന്‍ പരേതനായ റാഫിയുടെ ഭാര്യ ഫാത്തിമക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. കനത്ത മഴയില്‍ ഇവരുടെ വീടിനോട് ചേര്‍ന്ന മണ്‍തിട്ട ചെറിയ രീതിയില്‍ ഇടിഞ്ഞ് വീഴുന്നുണ്ടായിരുന്നു. ഇത് വില്ലേജിലും മറ്റും അറിയിക്കുകയും ചെയ്തിരുന്നു. വ്യാഴം രാവിലെ വീണ്ടും മണ്ണ് ഇടിഞ്ഞ് വീഴുന്നത് കണ്ടതിനാല്‍ മരുമകളോട് മക്കളേയും കൂട്ടി വീടിന് പുറത്ത് പോകാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചായ ഉണ്ടാക്കുന്നതിനായി അടുക്കളയിലേക്ക് പോയ കുഞ്ഞാമിയുടെ ദേഹത്തേക്ക് അടുക്കളയുടെ ചുമരും വീടിന് പിന്നിലെ മണ്‍തിട്ടയും ഇടിഞ്ഞ് വീഴുകയായിരുന്നു. രക്ഷിക്കാനായി ചെന്ന ഫാത്തിമയുടെ കാലിന് മുകളിലേക്കും അവയുടെ അവശിഷ്ടങ്ങള്‍ ഇടിഞ്ഞുവീണു. തുടര്‍ന്ന് നാട്ടുകാരെത്തി അടുക്കളയുടെ ചുമര്‍ തുരന്ന് ഇവരെ പുറത്തെടുത്ത് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനിടെ അടുക്കളയിലെ ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തിയിരുന്നു. അപകടത്തില്‍ കുഞ്ഞാമിയുടെ ഇരുകാലുകളും പൊട്ടിയിരുന്നു. ഗുരുതരാവസ്ഥയിലായ കുഞ്ഞാമിയെ വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ വിംസ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയങ്കിലും വെള്ളി രാത്രി പത്തോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവും മകനും മരിച്ചതോടെ കുഞ്ഞാമിയും മരുമകളും മക്കളും വീട്ടില്‍ തനിച്ചായിരുന്നു. ഏകയായ ഫാത്തിമക്കും മക്കളായ ഫള്‌ലു, നബീല്‍, ഫാസില എന്നിവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഭര്‍തൃമാതാവായ കുഞ്ഞാമി. ആറാം മൈല്‍ അച്ചൂര്‍ വീട്ടില്‍ കുഞ്ഞാമിയുടെ വീട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."