മെഡിക്കല്‍ കോളജ് ചുരം ബദല്‍ പാത ജില്ലയുടെ കാത്തിരിപ്പ് നീളുന്നു
കല്‍പ്പറ്റ: ചുരത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെ വയനാട്ടുകാര്‍ക്ക് നേരിയ ആശ്വാസം. ചുരം റോഡ് നന്നാക്കുന്നത് വരെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചുരം ഇടിഞ്ഞതിന്റെ അടുത്ത് വരെയാണ് സര്‍വിസ് നടത്തുക.
കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ബസുകള്‍ ചിപ്പിലിത്തോട് വരേയും സര്‍വിസ് നടത്തും. യാത്രക്കാര്‍ ഇറങ്ങി നടന്ന് ബസുകള്‍ മാറിക്കയറണം. ഇന്ന് രാവിലെ ആറ് മുതലാണ് സര്‍വിസ് ആരംഭിക്കുക. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണങ്ങളോടെ സര്‍വിസ് നടത്തുക.
അടിയന്തര സാഹചര്യങ്ങളിലും മറ്റും വിദഗ്ധ ചികിത്സക്ക് ഉള്‍പ്പെടെ വയനാട്ടുകാര്‍ ഇന്നും ചുരമിറങ്ങേണ്ട സ്ഥിതിയാണ്. ശക്തമായ മഴയില്‍ ചുരമിടഞ്ഞതോടെ നിരവധി പേരാണ് ചികിത്സയും മറ്റും ലഭിക്കാതെ ദുരിതത്തിലായത്. മണിക്കൂറുകള്‍ യാത്ര ചെയ്ത് കുറ്റ്യാടി ചുരം വഴി കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണ് പലരും കോഴിക്കോട്ടെത്തിയത്.
ശക്തമായ മഴയില്‍ ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടിരുന്നു. വയനാടിന്റെ ചിരകാല ആവശ്യങ്ങളായ വയനാട് മെഡിക്കല്‍ കോളജ്, ചുരം ബദല്‍ പാത എന്നിവയോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മുഖം തിരിക്കുന്നതാണ് വയനാടിന്റെ ഈ ഒറ്റപ്പെടലിന് കാരണം.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളില്ലാത്ത ജില്ലയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കണമെന്ന ആവശ്യം കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് സമയത്തെ ചര്‍ച്ചയും വാഗ്ദാനങ്ങളും മാത്രമായി ഇന്നും അവശേഷിക്കുകയാണ്. ഇതിനിടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞെങ്കിലും കോളജ് നിര്‍മാണ നടപടികള്‍ ഇപ്പോഴും മുട്ടിലിഴയുകയാണ്. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വയനാടിന്റെ മെഡിക്കല്‍ കോളജ് എന്ന ആവശ്യം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലയിലെ ജനപ്രധിനിധികള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. ചുരം ബദല്‍പാത ആവശ്യവും കാലങ്ങളായി പ്രഖ്യാപനങ്ങളും ചര്‍ച്ചകളും മാത്രമായി അവശേഷിക്കുകയാണ്. ഇതിന് വേണ്ടി നിരവധി സമരങ്ങള്‍ നടന്നെങ്കിലും പാത യാഥാര്‍ഥ്യമാക്കാന്‍ ഇനിയും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. വന്‍ ദുരന്തം ഉണ്ടാകുന്നത് വരെ കാത്തിരിക്കാതെ മെഡിക്കല്‍ കോളജ്, ചുരം ബദല്‍ പാത എന്നിവ സാക്ഷാത്കരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് വയനാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."