പെരിയ: കൂടുതല്‍ പേര്‍ പ്രതികളാകും
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടും. ക്രൈംബ്രാഞ്ച് സംഘം പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ്. ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടുന്നതിനൊപ്പം അനുബന്ധ കേസുകളുമുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം അന്വേഷണം തുടങ്ങിയ അന്വേഷണ സംഘം നേരത്തെ ലോക്കല്‍ പൊലിസ് കണ്ടെത്തിയ വാഹനങ്ങള്‍ക്ക് പുറമേ രണ്ട് കാറുകളും ഒരു ജീപ്പും കണ്ടെത്തിയിട്ടുണ്ട്്. കൊലയ്ക്ക് ശേഷം അക്രമികള്‍ രക്ഷപ്പെട്ടത് ഈ വാഹനങ്ങളിലാണെന്നാണ് സൂചന.
ഒരു വാഹനത്തില്‍ ചോരക്കറയും കണ്ടെത്തിയിട്ടുണ്ട്. ഈ ചോരക്കറ വിശദമായ ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ആരുടേതാണെന്ന് മനസിലാവുകയുള്ളൂ. കൊല്ലപ്പെട്ടവരുടേതോ, അതല്ല അക്രമി സംഘത്തിലെ ആരുടേതെങ്കിലുമാണോ ഈ രക്തക്കറയെന്ന് കണ്ടെത്താനുള്ള പരിശോധന ഫോറന്‍സിക് വിഭാഗം നടത്തും.
ഇതിനായി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ രക്ത പരിശോധന നടത്തും. കേസില്‍ അറസ്റ്റിലായ ഏഴു പ്രതികള്‍ക്ക് പുറമേ മറ്റ് ചിലര്‍ കൂടി കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതായി അന്വേഷണ സംഘം സംശയിക്കുന്നു.
ഈ വഴിക്ക് അന്വേഷണം നടത്തുന്നതിന് പുറമേ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയെരുക്കിയവര്‍ കൂടി കേസില്‍ പ്രതികളാകും. അറസ്റ്റിലായ പ്രതികളുടെ വസ്ത്രവും മറ്റും കത്തിക്കാന്‍ നിര്‍ദേശം നല്‍കിയയാളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ ഒളിവില്‍ കഴിയാനും തെളിവു നശിപ്പിക്കാനും കൂട്ടുനിന്നവര്‍ക്കെതിരേ അനുബന്ധ കേസുകളെടുക്കാനാണ് ആലോചിക്കുന്നത്. കൊലപാതകത്തിന് ശേഷം കല്ല്യോട്ട് മേഖലകളിലെ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ ഒളിവിലാണ്.
കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. കസ്റ്റഡിയില്‍ ലഭിക്കുന്ന പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ അന്വേഷണ സംഘം കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങുകയുള്ളൂ.
ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചതിനാല്‍ ഈ വഴിക്കും സംഘം അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ പെരിയ മേഖലകളില്‍ നടന്ന അക്രമസംഭവങ്ങളെ കുറിച്ചും എടുത്ത കേസുകളും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."