കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടണം: യു.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്- 19 പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ഫലങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാത്തിരിക്കരുതെന്നും യു.ഡി.എഫ്.
കേരളത്തില്‍ പ്രതിദിനം 4,000 പരിശോധന വരെ നടത്താമെന്നിരിക്കെ 420 എണ്ണം മാത്രമാണ് നടത്തുന്നത്. അതില്‍പോലും പലതും ആവര്‍ത്തന പരിശോധനകളാണ്. അതുകൊണ്ട് പുതിയ രോഗികളുടെ പരിശോധന വേണ്ട രീതിയില്‍ നടക്കുന്നില്ല.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കുറവാണ്. കൂടുതല്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ജനങ്ങളിലെ ആശങ്ക മാറ്റാന്‍ കഴിയുകയുള്ളൂ. പരിശോധനാ കിറ്റുകള്‍ ലഭ്യമല്ലെന്നാണ് ഇതിനു മുഖ്യമന്ത്രി നല്‍കുന്ന മറുപടി. എന്നാല്‍ രണ്ടാഴ്ച മുമ്പ് 12 കോടി രൂപയുടെ കിറ്റിന് ഓഡര്‍ നല്‍കിയെങ്കിലും ഇതുവരെ അവ എത്തിയിട്ടില്ല. അതിന്റെ കാരണം വ്യക്തമാക്കണം. ഹരിതമേഖലയില്‍പെട്ടിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ ഇപ്പോള്‍ ചുവപ്പു മേഖലയിലാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. അതുകൊണ്ട് കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. ജാഗത്ര പാലിക്കണം. ജനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. രോഗികളുടെ വിവരം മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളില്‍ മാത്രം പറയുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികളുണ്ട്. പൊസിറ്റീവ് കേസുകള്‍ എപ്പോള്‍ വന്നാലും അപ്പോള്‍ തന്നെ പ്രഖ്യാപിക്കണം.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പരിപാടികളും നടപ്പാക്കുന്നത് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളാണെങ്കിലും അവര്‍ക്കു വേണ്ടത്ര സഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനവും ആഹ്വാനവും നടത്തുന്നതല്ലാതെ ഒരു സഹായവും നല്‍കുന്നില്ല. കേന്ദ്രം സംസ്ഥാനത്തിനും സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങള്‍ക്കും സഹായം നല്‍കുമ്പോള്‍ മാത്രമേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകൂ. ഇപ്പോള്‍ പഞ്ചായത്ത് തലങ്ങളില്‍ മുമ്പുണ്ടായിരുന്ന ആവേശം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കില്ലെന്നും യു.ഡി.എഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."