പുഴയില്‍നിന്നും കണ്ടെത്തിയ തലയോട്ടി കാണാതായ യുവാവിന്റേതെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്
മാനന്തവാടി: 2018 ഡിസംബര്‍ 30ന് തൊണ്ടര്‍നാട് പൊലിസ് സ്റ്റേഷന് പരിധിയിലെ മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപം പുഴക്കടവില്‍ നിന്ന് കണ്ടെത്തിയ തലയോട്ടി തിരിച്ചറിഞ്ഞു. 2018 ജനുവരി 19 മുതല്‍ കാണാതായ കുഞ്ഞോം കരിമ്പില്‍ നെടുമ്പിലശ്ശേരി അണ്ണന്റെ മകന് എന്‍.എ വിജയന്റെ (28)യാണ് തലയോട്ടിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. വിജയന്റെ മാതാപിതാക്കളുടെ ഡി.എന്‍.എയും തലയോട്ടിയുടെ ഡി.എന്‍.എയും പരിശോധിച്ചതിന്റെ ഫലമാണ് പുറത്തുവന്നത്. മാനന്തവാടി എസ്.ഡി.എം കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടി ബന്ധുക്കള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കും. മരണകാരണത്തെ കുറിച്ച് അന്വേഷണം തുടരുന്നതായി തൊണ്ടര്‍നാട് എസ്.ഐ മഹേഷ് പറഞ്ഞു.
പ്രദേശവാസികളായ കുട്ടികള്‍ കുളിക്കുന്നതിനിടെയാണ് പുഴക്കടവില്‍ തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് എസ്.ഐ മഹേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പരിസര പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."