ഗവര്‍ണര്‍ കനിഞ്ഞില്ലെങ്കില്‍ ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടും
മുംബൈ: ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യാത്തപക്ഷം താക്കറെ കുടുംബത്തിലെ പ്രഥമ മുഖ്യമന്ത്രിക്ക് പടിയിറങ്ങേണ്ടി വരുമോ?. കൊവിഡ് കാര്‍ന്നുതിന്നുന്നതിനിടയിലും രാഷ്ട്രീയ പോര് മറനീക്കുന്ന മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ഭാവി തുലാസിലാണ്. കൊവിഡ് കാരണം തെരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചതിനാല്‍ ഉദ്ധവിനു മുന്നിലുള്ള ഏക പോംവഴി ഒഴിഞ്ഞുകിടക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് സീറ്റുകളില്‍ ഒന്നിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയെന്നതാണ്.
എന്നാല്‍ ഉദ്ധവിനെ ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍ ഭഗത്‌സിങ് കോശിയാരി രക്ഷിക്കുമെന്ന് കരുതുക അതിരുകടന്ന സ്വപ്നമാണ്. തെരഞ്ഞെടുക്കപ്പെടുകയോ നാമനിര്‍ദേശം ചെയ്യപ്പെടുകയോ വഴി നിയമസഭാ അംഗമാവാത്ത പക്ഷം ഉദ്ധവിന് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തോട് വിടപറഞ്ഞ് പടിയിറങ്ങേണ്ടി വരും. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്നതാണ് 59കാരനായ ഉദ്ധവിന് വിനയായത്.
മെയ് 28നാണ് ഉദ്ധവിന്റെ ആറുമാസ കാലാവധി തീരുന്നത്. അതിനു മുന്‍പ് തെരഞ്ഞെടുപ്പ് നടക്കാനിടയില്ലാത്തതിനാല്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലൂടെ സഭയിലെത്താനാണ് ഉദ്ധവ് ശ്രമിക്കുന്നത്. ഈ കൗണ്‍സിലിലേക്ക് 12 പേരെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. ഇതില്‍ രണ്ട് സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. ഇതില്‍ ഒന്നിലേക്ക് ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രിസഭ രണ്ടുതവണയാണ് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.
അതേസമയം ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് ഒഴിവുകളുടെയും കാലാവധി ജൂണ്‍ ആറിനാണ് അവസാനിക്കുന്നത്. രണ്ട് മുന്‍ എന്‍.സി.പി നേതാക്കള്‍ 2019ല്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഈ ഒഴിവുകളുണ്ടായത്. കൗണ്‍സിലിലെ 72 അംഗങ്ങളില്‍ 12 പേരെ നോമിനേറ്റ് ചെയ്യാമെങ്കിലും കല-സാഹിത്യ-സാമൂഹ്യസേവന രംഗങ്ങളിലുള്ളവരെയാണ് സാധാരണയായി ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യാറ്. എന്നാല്‍ ഇതില്‍ പെടാത്ത ഒരാളെ നാമനിര്‍ദേശം ചെയ്യാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."