മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കാന്‍ ഹ്രസ്വചിത്രവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍
കൊച്ചി: കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കേണ്ട സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതിന്റെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം വരച്ചുകാട്ടുന്ന ഹ്രസ്വചിത്രവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ജില്ലാ ഭരണകൂടത്തിന്റെ കീഴിലാണ് വിദ്യാര്‍ഥികള്‍ ഹ്രസ്വചിത്രങ്ങള്‍ തയാറാക്കിയത്.
മാസ്‌ക് ധരിക്കുന്നതിനോടൊപ്പം കൃത്യമായ രീതിയില്‍ തന്നെ അത് കൈകാര്യം ചെയ്താല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂവെന്ന ബോധവല്‍ക്കരണം കൂടിയാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. എന്‍95, സര്‍ജിക്കല്‍ മാസ്‌ക് , തുണി മാസ്‌ക് ഇവയില്‍ ഏതായാലും ധരിച്ചുകഴിഞ്ഞാല്‍ അതിന്റെ മുന്‍വശം തൊടാതിരിക്കുക എന്നത് പ്രധാനമാണ്.
അതുപോലെ മാസ്‌ക് ഉപയോഗശേഷം അഴിച്ചുമാറ്റുമ്പോഴും പിന്നില്‍ മാത്രമേ സ്പര്‍ശിക്കാവൂ. ധരിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുന്നത് മാസ്‌ക് ധരിക്കുന്നതുപോലെ പ്രാധാന്യം ഉള്ളതാണെന്നും ഹ്രസ്വചിത്രത്തിലൂടെ ഇവര്‍ പറയുന്നു.
എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജുകളിലെ 22 ഓളം എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്. തിരക്കഥാകൃത്തും അഭിനേതാവുമായ അനില്‍ പെരുമ്പളം കളമശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ കെ. നൗശിക്ക്, വൈഷ്ണു, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ എ.എം റിയാസ്, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹാരി സലീം, അമല്‍ സുരേഷ്, പി.വി ആദര്‍ശ്, അമീറ ബീഗം, മീഡിയ വിദ്യാര്‍ഥിയായ അഭിനാസ് ജാഫര്‍ , ടിനു കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."