പി.എസ്.സിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റുകള്‍ ഇനി ഓണ്‍ലൈനായി മാത്രം
തിരുവനന്തപുരം: ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റുകള്‍ ഓണ്‍ലൈനില്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചതായി പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ ഹുസൈന്‍. ജീവനക്കാര്‍ക്ക് വേഗത്തില്‍ പരീക്ഷാഫലവും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതിനും പ്രമോഷന്‍ ലഭിക്കുന്നതിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എസ്.സി നടത്തുന്ന ഉന്നത പരീക്ഷകള്‍ വിവരണാത്മക രീതിയില്‍ നടത്തുന്നതിലേക്ക് നീങ്ങുകയാണ്. ഐ.എ.എസ് കേഡറിലേക്കുള്ള പരീക്ഷ ഇത്തരത്തില്‍ നടത്തിയിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കിങ് രീതിയില്‍ ഉത്തരപേപ്പറുകള്‍ പരിശോധിക്കുകയും ഇതിനായി ക്യാംപ് വാല്യുവേഷന്‍ നടത്തുകയും ചെയ്യും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എംപ്ലോയബിലിറ്റി ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുന്ന കാര്യത്തില്‍ എംപ്ലോയ്‌മെന്റ് ഡയരക്ടറുടെ കത്ത് ലഭിച്ചിട്ടുണ്ട്. അതിനുവേണ്ട നടപടികളിലേക്ക് കടക്കും. പൊലിസില്‍ പി.എസ്.സി നടത്തുന്ന കായികക്ഷമതാ പരീക്ഷ ഉള്‍പ്പെടെയുള്ള പരീക്ഷകളെല്ലാം പി.എസ്.സി നടത്തും.
ഓണ്‍ലൈന്‍ പരീക്ഷാ വ്യാപനത്തിന്റെ ആദ്യപടിയായി കേരളത്തിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കായി പി.എസ്.സി അഭിരുചി പരീക്ഷ നടത്തും. മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന പരീക്ഷയിലേക്ക് 29,633 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ ആദ്യം അപേക്ഷിച്ച 8,004 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും ബാക്കിയുള്ളവര്‍ക്ക് അന്നേദിവസം തന്നെ 21,229 ഒ.എം.ആര്‍ പരീക്ഷയും നടത്തും.
പരീക്ഷയില്‍ ഉന്നതവിജയം നേടുന്നവര്‍ക്ക് പുരസ്‌കാരവും ആക്ടിവിറ്റി പോയിന്റ് ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും പി.എസ്.സി നല്‍കും. പി.എസ്.സി കടലാസ് രഹിത ഓഫിസ് എന്ന സംവിധാനത്തിലേക്ക് അടുക്കുകയാണ്.
കമ്മിഷന്റെ ആസ്ഥാനവും ജില്ലാ, റീജ്യനല്‍ ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം നടപ്പിലാക്കി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 94,516 പേര്‍ക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയതായി ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു കോടി 38 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം പി.എസ്.സി നടത്തിയ പരീക്ഷകളില്‍ പങ്കെടുത്തു. സുതാര്യവും ക്രിയാത്മകവുമായാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ചോദ്യപേപ്പര്‍ തയാറാക്കുന്നതില്‍ കമ്മിഷന്‍ ഇടപെടാറില്ല.
ചോദ്യപേപ്പറുകള്‍ ആദ്യം കാണുന്നത് പരീക്ഷാഹാളിലെ ഉദ്യോഗാര്‍ഥികളാണ്. ചില മാധ്യമങ്ങള്‍ കമ്മിഷനെതിരായി നല്‍കുന്ന വാര്‍ത്തകള്‍ അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. കമ്മിഷന്‍ സെക്രട്ടറിയും അംഗങ്ങളും ചെയര്‍മാനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."